കൊല്ലം: കഞ്ചാവും മറ്റ് ലഹരിയുമൊന്നും കൈവശം വച്ച് വിലസാമെന്ന് കൊല്ലത്ത് ആരും കരുതണ്ട. ഇനി കാവലാളായി ഹണ്ടർ ഉണ്ടാകും. കേരള പൊലീസ് അക്കാദമിയിൽ നിന്ന് 14 മാസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയെത്തിയ ഹണ്ടറിനെ സിറ്റി പൊലീസ് സേന ഉജ്ജ്വല വരവേൽപ്പ് നൽകിയാണ് സ്വീകരിച്ചത്. ആശ്രാമം പൊലീസ് ഡോഗ് സ്‌ക്വാഡ് കാമ്പസിലായിരുന്നു സ്വീകരണം. സിറ്റി പൊലീസ് കമ്മിഷണർ പി.കെ. മധു കേക്ക് മുറിച്ച് നൽകിയപ്പോൾ ഹണ്ടർ അതിന്റെ മധുരം ആവോളം ആസ്വദിച്ചു. പ്രോട്ടോകോൾ പ്രകാരം പ്രത്യഭിവാദ്യവും നൽകി.
ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെട്ട ആൺ നായയാണ് ഹണ്ടർ. മൂന്ന് മാസം പ്രായത്തിൽ ഹണ്ടർ, ഹെക്ടർ എന്നീ 2 കുഞ്ഞുനായ്ക്കളെ കൊല്ലം പൊലീസ് പരിശീലനത്തിനയക്കുകയായിരുന്നു. തൃശൂർ രാമവർമപുരം പോലീസ് അക്കാദമിയിലായിരുന്നു പരിശീലനം. സ്‌നിഫർ പരിശീലനമാണ് ഹണ്ടറിന് നൽകിയത്. സ്റ്റിഫർ നായ്ക്കളിൽ ബോംബ് കണ്ടെത്തുന്നവരും ലഹരി വേട്ടക്കാരുമുണ്ട്. ലഹരി മരുന്ന് പിടുത്തമായിരുന്നു ഹണ്ടറിനു പ്രിയം. നർക്കോട്ടിക്‌സ് ട്രെയിനിംഗിൽ വൈദഗ്ദ്ധ്യം നേടിയ ഹണ്ടർ ഒടുവിൽ പരിശീലന നായ്ക്കളുടെ പ്രകടന മത്സരത്തിൽ ഒന്നാം സ്ഥാനവും നേടി.
ഹെക്ടർ കൂടി എത്തുന്നതോടെ റൂറൽ പൊലീസിലും സ്‌നിഫർ നായയുടെ സേവനം കിട്ടും. പൊലീസ് സേനയിലേക്ക് ചേരുന്നതിന് മുമ്പ് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഡോക്ടർമാർ ഹണ്ടറിനെ പരിശോധിച്ച് ആരോഗ്യനില ഉറപ്പുവരുത്തി. മധുരം നുണഞ്ഞ ഹണ്ടർ ഉന്നത ഉദ്യോഗസ്ഥരുടെ മുന്നിൽ മിന്നുന്ന പ്രകടനവും കാഴ്ചവെച്ചു. കെട്ടിടങ്ങൾ, ബാഗുകൾ, വാഹനങ്ങൾ, പോക്കറ്റുകൾ എന്നിവയിൽ ഹാന്റ്‌ലർമാർ കഞ്ചാവ് പൊതികൾ ഒളിപ്പിച്ചു. സ്‌മെൽ സെർച്ച് എന്ന കമാൻഡ് കേട്ടയുടൻ ഹണ്ടർ ജാഗ്രതയിലെത്തി പൊതികൾ ഒളിപ്പിച്ചയിടം കണ്ടെത്തി അനുസരണയോടെ ഇരുന്ന് സൂചനകൾ നല്കി. മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടർ ഡോ.ഡി. ഷൈൻകുമാർ, ഡോ. സജയ്, അസി. കമാൻഡന്റ് എ. രാജു, സബ് ഇൻസ്‌പെക്ടർ ഡി. സുരേഷ്ബാബു, ഹാന്റ്‌ലർമാരായ വിനോദ്, റോബിൻസൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.