കുളത്തൂപ്പുഴ: കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിനുള്ള അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി സജീവം. കശുഅണ്ടി വികസന കോർപ്പറേഷന്റെ സഹകരണത്തോടെയാണ് പദ്ധതി. ആർ.പി.എൽ എസ്റ്റേറ്റിലെ തരിശുകിടക്കുന്ന ഭൂമിയിലാണ് ആവശ്യമായ സ്ഥലം കണ്ടെത്തുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൃത്യമായി തൊഴിൽ നൽകുക എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്. ആവശ്യക്കാർക്ക് സൗജന്യമായി തൈ എത്തിച്ചുനൽകും . അധികം പൊക്കം വയ്ക്കാതെ തഴച്ചുവളരുന്നതും അത്യുല്പാദന ശേഷിയുമുളള മുന്തിയ ഇനം തൈകളാണ് നൽകുന്നത്. ആർ.പി.എൽ എസ്റ്റേറ്റിനുളളിൽ 15 ഹെക്ടറിലെ കശുമാവ് ഇപ്പോൾ വിളവെടുപ്പിന് പാകമായി കിടക്കുകയാണ്. ഒാരോവർഷവും മുതൽ മുടക്കില്ലാതെ ലക്ഷങ്ങളാണ് ഈ ഇനത്തിൽ കമ്പനിക്ക് ലാഭം. വിളവിറക്കിയാൽ മൂന്നാം വർഷം മുതൽ വരുമാനം വന്നുതുടങ്ങുമെന്നതും മറ്റ് തുടർചിലവുകളില്ലെന്നതും കശുമാവിൻ കൃഷി വ്യാപനത്തിന് പ്രോത്സാഹനമാകുന്നു. എസ്റ്റേറ്റിനുളളിൽ ഇക്കൊല്ലം രണ്ടായിരം പുതിയ തൈകളാണ് വച്ചുപിടിപ്പിക്കാൻ ലക്ഷ്യമിടുന്നത്. പവർഗ്രിഡ് ലൈൻ കടന്നുപോകുന്നതും റബർ കൃഷിക്ക് അനുയോജ്യമല്ലാത്തതും തരിശുകിടക്കുന്നതുമായ ഭൂമിയാണ് ഇതിന് പ്രയോജനപ്പെടുത്തുന്നത്. വന്യമൃഗങ്ങളുടെ ശല്യം ഏറിയ ഭാഗങ്ങളിലും തൈ വച്ചുപിടിപ്പിക്കുന്നുണ്ട്.റബർ കൃഷി ലാഭകരമല്ലാത്ത അവസരത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്. വിളവെടുപ്പിനായി ഒാരോ വർഷവും കരാറുകാരെ ചുമതലപ്പെടുത്തുന്നതിനാൽ മേൽനോട്ടം ഇവരായിരിക്കും. അതിനാൽ കൃഷി സംരക്ഷണത്തിനും ചെലവ് വരില്ല. 4.80 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്കായി വകയിരുത്തിയത്. കശുഅണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമായ കൊല്ലത്ത് പദ്ധതി പുതിയ ചുവടുവയ്പാകും.
-----
പദ്ധതി 4.80 ലക്ഷം രൂപ ചെലവിൽ