road
ദേശിയ പാതയിലെ ആര്യങ്കാവ് മുരുകൻ പാഞ്ചാലിയിൽ പുതിയതായി പണിത പാലത്തോട് ചേർന്ന് പണിയുന്ന അപ്രോച്ച് റോഡ്.

പുനലൂർ :പാലം പണിത് ആറ് മാസം കഴിഞ്ഞപ്പോൾ ആരംഭിച്ച അപ്രോച്ച് റോഡ് നിർമ്മാണം ഇപ്പോഴും ഇഴയുന്നു, കൊല്ലം-തിരുമംഗലം ദേശീയപാതയിലെ ആര്യങ്കാവ് മുരുകൻ പാഞ്ചാലിയിൽ പുതിയതായി പണിത പാലത്തിലേക്കാണ് അപ്രോച്ച് റോഡ് പണിയുന്നത്. റോഡ് പണിക്കാവശ്യമായ ഭൂമി വിട്ടു നൽകുന്നത് സംബന്ധിച്ച് വനം വകുപ്പും ദേശീയപാത വിഭാഗവും തമ്മിലുളള തർക്കം മൂലമാണ് റോഡ് പണി നീണ്ടുപോയത്.തർക്കം പരിഹരിച്ച് കഴിഞ്ഞ മാസം പണി തുടങ്ങിയെങ്കിലും മന്ദഗതിയിലാണ്. പാലത്തിന്റെ രണ്ട് വശത്തും കോൺക്രീറ്റ് ഭിത്തികൾ സ്ഥാപിച്ചശേഷം അതിനുളളിൽ മണ്ണ് നിറച്ചാണ് പാത ഒരുക്കുന്നത്. സമീപത്തെ പഴയ പാലം കാലപ്പഴക്കത്തെ തുടർന്ന് നിലം പൊത്താവുന്ന സ്ഥിതിയിലായതോടെയാണ് പുതിയ പാലം പണിതത്. ഇതിന് അഞ്ച് കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തെ കഴുതുരുട്ടി ഇരട്ടപ്പാലത്തോട് ചേർന്ന് മറ്റെരു പാലവും നിർമ്മിച്ചു. ഇതിന്റെ അപ്രോച്ച് റോഡ് പണി കഴിഞ്ഞ ആഴ്ചയിലാണ് ആരംഭിച്ചത്. രണ്ട് പാലങ്ങൾക്കുമായി 6.25 കോടി രൂപയാണ് അനുവദിച്ചത്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ പോകുന്ന അന്തർ സംസ്ഥാന പാതയാണിത്. ആര്യങ്കാവ് മുരുകൻ പാഞ്ചാലിയിലെ പാലത്തോട് ചേർന്നുള്ള അപ്രോച്ച് റോഡ് പണി തീരാത്തതിനാൽ ഇടുങ്ങിയ പഴയ പാലം വഴിയാണ് ഇപ്പോഴും ചരക്ക് ലോറിയടക്കമുളള വാഹനങ്ങൾ പോകുന്നത്. രണ്ടാഴ്ച കഴിയുമ്പോൾ ശബരിമല സീസൺ ആരംഭിക്കുന്നതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് തീർത്ഥാടകരുമായി എത്തുന്ന വാഹനങ്ങളുടെ വരവും ഗണ്യമായി വർദ്ധിക്കും. ഇത് ഗതാഗതക്കുരുക്കിന് കാരണമാകും. അടുത്ത മാസം തന്നെ രണ്ട് പാലങ്ങളുടെയും അപ്രോച്ച് റോഡ് പണികൾ പൂർത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കണമെന്ന് മന്ത്രി കെ.രാജു ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

--------

ദേശീയ പാതയിൽ പുതിയതായി പണിതത്

2 പാലങ്ങൾ

1. ആര്യങ്കാവ് മുരുകൻ പാഞ്ചാലിയിൽ (ആറ് മാസാമായിട്ടും അപ്രോച്ച് റോഡായില്ല)

2. കഴുതുരുട്ടി ഇരട്ടപ്പാലത്തോട് ചേർന്ന് (പണി തുടങ്ങിയത് കഴിഞ്ഞ ആഴ്ച )

-------

നിർമ്മാണ ചെലവ് 6.25 കോടി