കൊല്ലം: ഉപദ്രവകരമല്ലാത്ത വിശ്വാസവും ആചാരവും പരിരക്ഷിക്കാനുളള ബാദ്ധ്യത ജനാധിപത്യ ഭരണസംവിധാനത്തിനുണ്ടെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ചിന്നക്കടയിൽ മുൻമന്ത്രി വി.പി. രാമകൃഷ്ണപിള്ള അനുസ്മരണ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എം.പി.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉന്മൂലനം ചെയ്യുമ്പോൾ തന്നെ ബഹുസ്വരത നിലനിൽക്കുന്ന ഇന്ത്യൻ ജനാധിപത്യ സമൂഹത്തിന്റെ വൈവിദ്ധ്യം അംഗീകരിച്ചു കൊണ്ട് വിശ്വാസവും ആചാരവും സംരക്ഷിക്കാനുളള ബാദ്ധ്യത ഭരണകൂടത്തിനുണ്ട്. ശബരിമല പ്രശ്‌നത്തിൽ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ സദുദ്ദേശപരമല്ല. ഇതിനെതിരെ ജനാധിപത്യ മതേതര വിശ്വാസ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും സംസ്ഥാനത്ത് സമന്വയത്തിലൂടെ സമാധാനം പുന:സ്ഥാപിക്കാൻ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആർ.എസ്.പി ജില്ലാ സെക്രട്ടറി ഫിലിപ്.കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷിബുബേബിജോൺ, കെ.സി. രാജൻ, സജി ഡി. ആനന്ദ്, കെ. സിസിലി, ആർ. ശ്രീധരൻപിളള, ജെ. മധു, ടി.സി. വിജയൻ, കുരീപ്പുഴ മോഹനൻ, ടി.കെ. സുൽഫി, ആർ. സുനിൽ, കെ.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയർ സംസാരിച്ചു.