ima

കൊല്ലം: സംസ്ഥാനത്ത് പുതുതായി മെഡിക്കൽ കോളേജുകൾ ആവശ്യമില്ലെന്നും കൂടുതൽ മെഡിക്കൽ കോളേജുകൾ അനുവദിക്കുന്നത് ആരോഗ്യമേഖലയെ അവതാളത്തിലാക്കുമെന്നും ഐ.എം.എ സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ 35 മെഡിക്കൽ കോളേജുകളിൽ ഇരുപത്തഞ്ചും സ്വകാര്യ മേഖലയിലാണ്. രജിസ്ട്രേഷനുള്ള 66,000 ഡോക്ടർമാരാണുള്ളത്. ഇവർക്കൊപ്പം പ്രതിവർഷം 4400 ഡോക്ടർമാർ പുറത്തിറങ്ങുന്നു. സംസ്ഥാനത്ത് ഇപ്പോൾ 500 പേർക്ക് ഒരു ഡോക്ടർ എന്ന നിലയാണുള്ളത്. ഇത് 300 പേർക്ക് ഒരു ഡോക്ടർ എന്ന നിലയിലേക്കെത്തും. ലോകാരോഗ്യ സംഘടന നിഷ്‌കർഷിക്കുന്നത് 1000 പേർക്ക് ഒരു ഡോക്ടർ എന്നാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾക്ക് സർക്കാർ സ്വയംഭരണാധികാരം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കൊല്ലം തട്ടാമല ലാലാസ് കൺവെൻഷൻ സെന്ററിൽ ആരംഭിച്ച സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. ഉമ്മർ, സെക്രട്ടറി ഡോ. എൻ. സുൾഫി, ട്രഷറർ ഡോ. പി. സജീവ് കുമാർ, സീനിയർ വൈസ് പ്രസിഡന്റ് ഡോ. ജയറാംദാസ്, മുൻ പ്രസിഡന്റുമാരായ ഡോ. വി.ജി. പ്രജീപ്കുമാർ, ഡോ. ശ്രീജിത്ത് എൻ. കുമാർ, സ്റ്റേറ്റ് പ്രസിഡന്റ് (ഇലക്ട്) ഡോ. എം.ഇ. സുഗതൻ, മുൻ ദേശീയ പ്രസിഡന്റ് ഡോ. മാർത്താണ്ഡപിള്ള, നിയുക്ത ദേശീയ സെക്രട്ടറി ജനറൽ ഡോ. ആർ.വി. അശോകൻ, വൈസ് പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ, ജോയിന്റ് സെക്രട്ടറിമാരായ ഡോ.കെ. വേണുഗോപാൽ, ഡോ. ഹരീഷ് കുമാർ ജി, ഡോ. പ്രസാദ് എ. ചീരമറ്റം, പി.വി. ബെന്നി തുടങ്ങിയവർ പങ്കെടുത്തു.

ഇന്ന് ചേരുന്ന സമാപന സമ്മേളനത്തിൽ പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കും. നിയുക്ത ദേശീയ പ്രസിഡന്റ് ഡോ. ശാന്തനു സെൻ എം.പി, പി. സോമപ്രസാദ് എം.പി, എം.നൗഷാദ് എം.എൽ.എ, പ്രൊഫ. മാധവമേനോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.