കൊല്ലം: ഭരണഘടനയെയും ജനാധിപത്യത്തെയും അട്ടിമറിച്ച് കേരളത്തിൽ കലാപം നടത്താൻ ആരെയും അനുവദിക്കില്ലന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. കുണ്ടറ നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി നടപ്പിലാക്കുന്ന 'ഇടം" പദ്ധതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷിക അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അനാചാരങ്ങൾ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ല. സമൂഹത്തിലെ ദുരാചാരങ്ങൾക്കെതിരെയാണ് നവോത്ഥാന മുന്നേറ്റമുണ്ടായതെന്നത് തിരിച്ചറിയണം. ചരിത്രബോധം വരുംതലമുറയ്ക്ക് കൈമാറാനുള്ള ഉത്തരവാദിത്തവും നാം ഏറ്റെടുക്കണം. സമത്വം ഉറപ്പാക്കുന്ന കോടതി വിധി നടപ്പാക്കേണ്ടത് ഭരണഘടനാപരമായ ബാദ്ധ്യതയാണ്. സമത്വം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നന്നും മന്ത്രി തുടർന്ന് പറഞ്ഞു.
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് അദ്ധ്യക്ഷത വഹിച്ചു. 'ഇടം" പദ്ധതി നോഡൽ ഓഫീസർ വി. സുദേശൻ വിഷയം അവതരിപ്പിച്ചു. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലോചന സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയകുമാരി, ബി.ഡി.ഒ വിമൽചന്ദ്രൻ എന്നിവർ പങ്കെടുത്തു.