ചാത്തന്നൂർ: മലയാള ഭാഷയ്ക്കും സാഹിത്യത്തിനും പ്രൊഫ.ഇളംകുളം കുഞ്ഞൻപിള്ള നൽകിയ സംഭാവനകൾ അതുല്യമാണെന്ന് മന്ത്രി കെ. രാജു പറഞ്ഞു. പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ളയുടെ 114-ാം ജന്മവാർഷികാഘോഷ വും കുഞ്ഞൻപിള്ള സ്മാരക പുരസ്കാര ദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫ. ഇളംകുളം സാഹിത്യ പുരസ്കാരം ഡോ. വെള്ളായണി അർജ്ജുനന് മന്ത്രി സമ്മാനിച്ചു. കല്ലുവാതുക്കൽ ഇളംകുളം സ്മാരകത്തിൽ നടന്ന ചടങ്ങിൽ ജി.എസ്. ജയലാൽ എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ. മലയാളം, സംസ്കൃതം, ബി.എ മലയാളം പരീക്ഷകളിൽ ഒന്നും രണ്ടും റാങ്ക് നേടിയവർക്കും കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി നൂറ് ശതമാനം വിജയം നേടിയ ചാത്തന്നൂർ എൻ.എസ്.എസ് ഹൈസ്കൂളിനുമുള്ള പുരസ്കാരങ്ങൾ എൻ.കെ.പ്രേമചന്ദ്രൻ. എം.പി. സമ്മാനിച്ചു.
മികച്ച പാർലമെന്റേറിയനായി തിരഞ്ഞെടുക്കപ്പെട്ട എൻ.കെ. പ്രേമചന്ദ്രനെ മുൻ കെ.പി.സി.സി പ്രസിഡന്റ് സി.വി. പത്മരാജൻ പൊന്നാടയണിയിച്ച് ആദരിച്ചു. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്നവിജയം നേടിയ 30 കുട്ടികൾക്ക് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി. ജയപ്രകാശ് കാഷ് അവാർഡ് സമ്മാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. അംബികാകുമാരി, എൽ. രജനി, കെ. മുരളീധരൻപിള്ള, സി. കനകമ്മഅമ്മ, കെ. വിജയചന്ദ്രൻ, എൻ. വിജയൻ, ജി. വാസുക്കുട്ടി, ജി. അനന്തകൃഷണൻ എന്നിവർ സംസാരിച്ചു.