ഐ.എം.എ മാദ്ധ്യമ അവാർഡ് കേരളകൗമുദി കൊല്ലം
ബ്യൂറോ ചീഫ് സി. വിമൽകുമാറിന് സമ്മാനിച്ചു
സംസ്ഥാന സമ്മേളനത്തിന് സമാപനം
കൊല്ലം: രാജ്യത്തെ ആരോഗ്യമേഖല ഗുരുതര പ്രതിസന്ധിയിലാണെന്നും ആധുനിക വൈദ്യശാസ്‌ത്രം ജാഗ്രത പുലർത്തണമെന്നും ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ. ശാന്തനു സെൻ എം.പി പറഞ്ഞു. ഐ.എം.എ സംസ്ഥാന സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ നടപ്പാക്കാനിരിക്കുന്ന ആരോഗ്യനയം ആരോഗ്യമേഖലയിലുള്ളവർ തന്നെ ആശങ്കയോടെയാണ് കാണുന്നത്. ആയുഷ്‌മാൻ ഭാരത്, എം.എൻ.സി ബിൽ തുടങ്ങിയവയിലുള്ള ആശങ്കകൾ പരിഹരിക്കാനായിട്ടില്ല. ആശുപത്രി മാലിന്യ സംസ്‌കരണത്തിനായി ഐ.എം.എയുടെ നേതൃത്വത്തിൽ പാലക്കാട് പ്രവർത്തിക്കുന്ന ഇമേജ് പദ്ധതി രാജ്യത്തെ ആരോഗ്യ രംഗത്തിനാകെ മാതൃകയാണ്. ഇമേജിന്റെ പ്രവർത്തനം രാജ്യമാകെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രികൾക്കും ഡോക്‌ടർമാർക്കും നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നതിനാൽ ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് ഐ.എം.എയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതൻ പറഞ്ഞു.
അരലക്ഷം രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്ന ഐ.എം.എ മാദ്ധ്യമ അവാർഡ് കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് സി.വിമൽകുമാറിന് ഡോ. ശാന്തനു സെൻ സമ്മാനിച്ചു. 'അവയവദാനത്തിന് എന്ത് സംഭവിക്കുന്നു" എന്ന തലക്കെട്ടിൽ 2018 ഫെബ്രുവരി 7 മുതൽ 12 വരെ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച പരമ്പരയ്‌ക്കാണ് അവാർഡ്.
കെ. സോമപ്രസാദ് എം.പി, എം. നൗഷാദ് എം.എൽ.എ, ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. എൻ. സുൾഫി, മുൻ പ്രസിഡന്റുമാരായ ഡോ.ഇ.കെ. ഉമ്മർ, ഡോ. വി.ജി. പ്രദീപ്കുമാർ, ട്രഷറർ റോയ് കെ.ചന്ദ്രൻ, പ്രൊഫ. മാധവമേനോൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ടി.ജി. വർഗീസ്, എസ്.ഡി.രാജു, ഒ.കെ. ബാലനാരായണൻ, ജോയിന്റ് സെക്രട്ടറിമാരായ സി.ആർ. അനന്തരാജൻ,എൻ. ശ്യാം, എൻ. ദിനേശ്, ജോജു പോംസൺ തുടങ്ങിയവർ പ്രസംഗിച്ചു.
ഐ.എം.എ:ഡോ.എം.ഇ.സുഗതൻ പ്രസിഡന്റ് , ഡോ.എൻ.സുൾഫി സെക്രട്ടറി
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ഡോ. എം.ഇ. സുഗതനെയും (ചാലക്കുടി), സെക്രട്ടറിയായി ഡോ. എൻ. സുൾഫിയെയും (തിരുവനന്തപുരം) കൊല്ലത്ത് ചേർന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. ഡോ.റോയ് ചന്ദ്രനാണ് (കോഴിക്കോട്) ട്രഷറർ.
ടി.ജി. വർഗീസ്, എൻ.എസ്.ഡി. രാജു, ഒ.കെ. ബാലനാരായണൻ (വൈസ് പ്രസിഡന്റുമാർ), സി.ആർ. അനന്തരാജൻ, എൻ. ശ്യാം, എൻ. ദിനേശ്, ജോജു പോംസൺ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.