കൊല്ലം: നൂറ്റാണ്ടുകളുടെ ശേഷിപ്പായ കൊട്ടാരക്കര വെണ്ടാർ ചിറയ്ക്ക് ശാപമോക്ഷം. സംരക്ഷണഭിത്തി നിർമ്മാണവും മോഡിപിടിപ്പിക്കലുമൊക്കെയായി ചിറയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു. ഏറെ നാളായുള്ള നാടിന്റെ ആവശ്യമാണ് ഇതോടെ നിറവേറുന്നത്. വെണ്ടാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെയും ദേവീക്ഷേത്രത്തിന്റെയും ഭാഗമാണ് ചിറ.
കുളക്കട ഗ്രാമപഞ്ചായത്തിന്റെ അധീനതയിലായിരുന്നതിനാൽ ചിറയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ദേവസ്വം ബോർഡും താത്പര്യമെടുത്തിരുന്നില്ല. കൽക്കെട്ടുകൾ ഇടിഞ്ഞും കരവെള്ളം ഇറങ്ങിയും പായലും ചെളിയും നിറഞ്ഞും തീർത്തും ഉപയോഗശൂന്യമായി ചിറ മാറിയിരുന്നു. മുൻപ് പി.ഐഷാ പോറ്റി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ചിറയുടെ നവീകരണത്തിനായി 16 ലക്ഷം രൂപ അനുവദിച്ചിരുന്നു. നാടിന് വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പദ്ധതി നടപ്പായില്ല. ലേബർ സൊസൈറ്റി ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയതോടെ ചിറയുടെ പുനരുദ്ധാരണ പദ്ധതിയുടെ നിറംകെട്ടു. എന്നാൽ ഇപ്പോൾ ഒരേക്കറിലധികമുള്ള ചിറ നവീകരിച്ച് മനോഹരമാക്കുകയാണ്. വേനൽക്കാലത്ത് ചിറ നാടിന് വലിയ ആശ്വാസമാകും.
തുക അനുവദിച്ചത് ബ്ളോക്ക് പഞ്ചായത്ത്
വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്തംഗം കെ. വസന്തകുമാരിയുടെ ശ്രമഫലമായി അനുവദിച്ച 10 ലക്ഷം രൂപയ്ക്കാണ് ഇപ്പോൾ നിർമ്മാണ ജോലികൾ നടക്കുന്നത്. ചിറയുടെ ചുറ്റും സംരക്ഷണഭിത്തി കെട്ടി. കരവെള്ളം ഇറങ്ങാത്ത വിധം മൂന്നടി ഉയരത്തിൽ പാർശ്വഭിത്തിയും നിർമ്മിച്ചു. കുളിക്കടവുകൾ നവീകരിച്ചു. ചിറയോട് ചേർന്ന് തണലൊരുക്കുന്ന ആൽമരത്തിന് ചുറ്റുകെട്ട് ഒരുക്കി ഇരിപ്പിടങ്ങൾ നിർമ്മിച്ചു. വർഷങ്ങളായി നിറഞ്ഞു കിടന്ന പായലും ചെളിയും മുക്കാൽപങ്കും നീക്കം ചെയ്തുകഴിഞ്ഞു. ചിറയ്ക്ക് ചുറ്റുമുണ്ടായിരുന്ന കുറ്റിക്കാടും വെട്ടിമാറ്റി.
ചെളി പൂർണമായി നീക്കും
ആർ.എസ്. ശ്രീകല (വെണ്ടാർ വാർഡ് അംഗം, കുളക്കട ഗ്രാമപഞ്ചായത്ത്)
വെണ്ടാർ ചിറ സംരക്ഷിക്കണമെന്നത് ഏറെ നാളായുള്ള ആവശ്യമായിരുന്നു. ബ്ളോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ചിറ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ചെളി പൂർണമായും നീക്കം ചെയ്ത് വെള്ളം ശുദ്ധമാക്കും.