ശബരിമല കർമ്മസമിതി വിശ്വാസ സംരക്ഷണ സമ്മേളനം സംഘടിപ്പിച്ചു
കൊല്ലം: ശബരിമലയുടെ ആചാരങ്ങളും വിശ്വാസങ്ങളും തകർക്കാൻ സംഘടിതമായ ഗൂഢാലോചന നടക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും തിരുവിതാകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ ജി. രാമൻനായർ പറഞ്ഞു. ശബരിമല കർമ്മസമിതി കൊല്ലം പീരങ്കി മൈതാനിയിൽ സംഘടിപ്പിച്ച ശബരിമല വിശ്വാസ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയെ തകർക്കേണ്ടത് പലരുടെയും ആവശ്യമാണ്. ശബരിമലയെ തകർത്താൽ രാജ്യത്തെ ഹിന്ദുക്കളുടെ വിശ്വാസങ്ങളെ തകർക്കാമെന്ന് മനസിലാക്കിയ ശക്തികളാണ് ഇതിന് പിന്നിൽ. ശബരിമലയ്ക്ക് എതിരായ എല്ലാ നീക്കങ്ങളും രാജ്യത്തെ ഹിന്ദുവിനും ഹിന്ദുവിന്റെ ഐക്യത്തിനും എതിരായ നീക്കങ്ങളാണ്. ശബരിമലയിലെ ആചാരങ്ങളെ വികലമായി ചിത്രീകരിച്ച് ആക്ഷേപിക്കാനാണ് ശ്രമം. ആചാര ലംഘനങ്ങൾ ഒരിക്കലും ആചാരങ്ങളായി മാറില്ല. ശബരിമലയിൽ വച്ച് തനിക്ക് ചോറൂണ് നടത്തിയെന്ന് അവകാശപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വൃദ്ധന് മറവി രോഗമാണെന്നും രാമൻനായർ പറഞ്ഞു.
ശബരിമല മുൻ മേൽശാന്തി എൻ. ബാലമുരളി ഭദ്രദീപം തെളിച്ചു. ആർ.എസ്.എസ് സംസ്ഥാന സമ്പർക്ക പ്രമുഖ് കെ.ബി. ശ്രീകുമാർ, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.എസ്. നാരായണൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദർശനൻ, സ്വാമി ദയാനന്ദ സരസ്വതി, എസ്. നാരായണസ്വാമി, ജി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
വിശ്വാസ സംരക്ഷണത്തിനായി ആയിരങ്ങൾ
ശബരിമല കർമ്മസമിതി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സമ്മേളനത്തിൽ പങ്കെടുത്തത് ആയിരങ്ങൾ. സ്‌ത്രീകളുടെയും കുട്ടികളുടെയും വലിയ പങ്കാളിത്തം ശ്രദ്ധ നേടി. വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ ചെറു സംഘങ്ങളായി അയ്യപ്പ കീർത്തനങ്ങൾ ചൊല്ലിയാണ് സമ്മേളന വേദിയിലേക്ക് നടന്നെത്തിയത്. കമ്മിഷണർ ഓഫീസ് മേൽപ്പാലം, ലാൽ ബഹദൂർ ശാസ്‌ത്രി സ്റ്റേഡിയത്തിന്റെ ബാൽക്കണി എന്നിവിടങ്ങളിലും സമ്മേളനം വീക്ഷിക്കാൻ ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു.