house-project
പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജ് മൺട്രോത്തുരുത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ സാന്നിദ്ധ്യത്തിൽ ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ഷഹാദ് ഹസൻ മുസലിയാർ കൈമാറുന്നു

കൊല്ലം : സ്വപ്‌നം കണ്ട വീട് പ്രതീക്ഷിച്ചതിലും നേരത്തെ സ്വന്തമായതിന്റെ സന്തോഷത്തിലാണ് മൺട്രോതുരുത്ത് നെന്മേനി ഉത്രാടത്തിൽ രാജേന്ദ്രനും ഭാര്യ ഉഷയും. സംസ്ഥാനത്തെ പ്രളയാനന്തര പുനർനിർമ്മാണത്തിന് മാതൃകയായി അതിവേഗ ഭവന നിർമാണ പദ്ധതിയായ ബാക്ക് ടു ഹോമിലെ ആദ്യ വീടിന്റെ താക്കോൽ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ സാന്നിദ്ധ്യത്തിൽ ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ഷഹാൽ ഹസൽ മുസിലിയാർ രാജേന്ദ്രന് കൈമാറി. ഗാന്ധിജയന്തി ദിനത്തിൽ കട്ടിള വയ്പ് നടത്തിയ വീടിന്റെ നിർമ്മാണം കേവലം 28 ദിവസംകൊണ്ടാണ് പൂർത്തിയായത്.
ആഗസ്റ്റ് മാസത്തിലെ പ്രളയത്തിൽ വീടു തകർന്ന രാജേന്ദ്രനും കുടുംബത്തിനും കരിക്കോട് ടി.കെ.എം. എൻജിനിയറിംഗ് കോളേജാണ് പ്രത്യേകം രൂപകല്പന ചെയ്ത പ്രീ ഫാബ്രിക്കേറ്റഡ്-പ്രീ സ്ട്രെസ്ഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വീട് നിർമ്മിച്ച് നൽകിയത്. രണ്ട് കിടപ്പുമുറികളും ഒരു ഹാളും അടുക്കളയും ശുചിമുറിയും ഉൾപ്പെടെ 550 അടി വിസ്തീർണമുള്ള വീടിന്റെ നിർമ്മാണത്തിനായി കോളജിലെ പൂർവ വിദ്യാർത്ഥികൾ സമാഹരിച്ച ഏഴു ലക്ഷം രൂപയാണ് വിനിയോഗിച്ചത്.
സംസ്ഥാനത്തെ പുനർനിർമാണ പ്രക്രിയയ്ക്ക് മാതൃകയാക്കാവുന്ന സാങ്കേതിക വിദ്യയാണ് ടി.കെ.എം കോളജ് വികസിപ്പിച്ചതെന്ന് ഉദ്ഘാടനം നിർവഹിച്ച മന്ത്രി പറഞ്ഞു. മൺട്രോതുരുത്ത് പഞ്ചായത്തിൽ മാത്രം മൂന്ന് വീടുകൾ നിർമ്മിക്കാനുള്ള ടി.കെ.എം ട്രസ്റ്റിന്റെ തീരുമാനത്തെ മന്ത്രി അഭിനന്ദിച്ചു.
കൊല്ലത്തും പത്തനംതിട്ടയിലുമായി 10 വീടുകൾ കൂടി പൂർവ വിദ്യാർഥികളുടെ സഹകരണത്തോടെ നിർമിക്കുമെന്ന് ടി.കെ.എം കോളജ് പ്രിൻസിപ്പൽ എസ്. അയൂബ് പറഞ്ഞു. ടി.കെ.എം ട്രസ്റ്റ് ട്രഷറർ ജലാലുദീൻ മുസലിയാർ, മൺട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രളയ മേഖലയിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യതൊഴിലാളികളായ അനീഷ് ജോൺ, ജോയ് ആന്റണി, ബെൻ ജയിംസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.