vaziyoram
വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) മേഖലാ കുടുംബസംഗമം കൊല്ലത്ത് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയുന്നു

കൊല്ലം: വഴിയോര കച്ചവടക്കാരുടെ പ്രശ്നങ്ങൾ പഠിക്കാൻ തൊഴിൽ വകുപ്പ് സമിതിയെ നിയോഗിക്കുമെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി.ശിവൻകുട്ടി പറഞ്ഞു. വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ തെക്കൻമേഖലാ കുടുംബസംഗമം ക്യു.എ.സി മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെരുവ് കച്ചവടക്കാർ തൊഴിലിടങ്ങളിൽ നിന്ന് നിരന്തരം ആട്ടിപ്പായിക്കപ്പെടുകയാണ്. പൊലീസുകാരും വേട്ടയാടുന്നു. നിലവിൽ തെരുവ് കച്ചവടക്കാരുടെ സംരക്ഷണത്തിന് സുപ്രീം കോടതി വി​ധി​യും സംസ്ഥാന സർക്കാർ പാസാക്കിയ നിയമവും ഉണ്ടെങ്കിലും ചില ഉദ്യോഗസ്ഥർ ഈ വിഭാഗക്കാരെ രണ്ടാംകിട പൗരന്മാരായാണ് കാണുന്നത്. ഈ സമീപനത്തിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കും. മറ്റ് തൊഴിൽ മേഖകളിൽ ഉള്ളത് പോലെ തെരുവ് കച്ചവടക്കാർക്കായി ക്ഷേമനിധി രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ അദ്ധ്യക്ഷത വഹിച്ച യോഗത്തി​ൽ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ആർ.വൈ. ഇക്ബാൽ, പ്രസിഡന്റ് ഡോ. എസ്. പ്രദീപ് കുമാർ, സി.പി.എം ഏരിയ സെക്രട്ടറി എ.എം. ഇക്ബാൽ, ഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി.എൻ. ത്യാഗരാജൻ, പ്രസിഡന്റ് എം. സജീവ്, സംസ്ഥാന ട്രഷറർ എം. സലിം, ജോയിന്റ് സെക്രട്ടറിമാരായ എം. അനിൽകുമാർ, കുമാരി തുടങ്ങിയവർ സംസാരിച്ചു.