samkara
നാടക രംഗത്തെ സമഗ്രാ സംഭാവനയ്ക്കുളള എസ്.എൽ.പുരം സദാനന്ദൻ പുരസ്കാരം നേടിയ നടി വി.ജയകുമാരി.ഒ.മാധവനെ പാരിപ്പള്ളി സംസ്കാരയുടെ ഉപഹാരം കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അംബികാകുമാരി നൽകുന്നു

ചാത്തന്നൂർ: പാരിപ്പളളി സംസ്കാര ആർട്സ് സൊസൈറ്റിയുടെ പന്ത്രണ്ടാമത് പ്രൊഫഷണൽ നാടക മത്സരത്തിൽ അമ്പലപ്പുഴ സാരഥിയുടെ 'കപട ലോകത്തെ ശരികൾ" മികച്ച നാടകമായി തിരഞ്ഞെടുത്തു. തിരുവനന്തപുരം ആരാധനയുടെ 'കനൽ ചിലമ്പ്" സംവിധാനം ചെയ്ത മീനമ്പലം സന്തോഷാണ് മികച്ച സംവിധായകൻ.
മികച്ച നാടക രചയിതാവ്: ഫ്രാൻസിസ് ടി.മവേലിക്കര (കപടലോകത്തെ ശരികൾ). മികച്ച നടൻ: അതിരുങ്കൽ സുഭാഷ് (കപട ലോകത്തെ ശരികൾ). മികച്ച നടി: ബിന്ദു സുരേഷ് (ഓർക്കുക വല്ലപ്പോഴും).
മികച്ച രണ്ടാമത്തെ നാടകമായി തിരുവനന്തപുരം ആരാധനയുടെ കനൽ ചിലമ്പും മൂന്നാമത്തെ മികച്ച നാടകമായി കൊല്ലം അസീസിയുടെ ഓർക്കുക വല്ലപ്പോഴും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ സംവിധായകനായി രാജീവൻ മമ്മളി (കപട ലോകത്തെ ശരികൾ) രണ്ടാമത്തെ നാടകകൃത്തായി മുഹാദ് വെമ്പായം (കനൽചിലമ്പ്) രണ്ടാമത്തെ നടനായി ദിനേശ് മനയ്ക്കാലത്ത് (പകിട) രണ്ടാമത്തെ നടിയായി പള്ളിച്ചൽ ബിന്ദു (കനൽചിലമ്പ്) മികച്ച ഹാസ്യനടനായി പ്രസാദ് പാണാവള്ളി (കപട ലോകത്തെ ശരികൾ) എന്നിവരെയും തിരഞ്ഞെടുത്തു. ഗ്യാലപ് പോളിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. നാടകങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയ ഓപ്പൺ ഫോറവും നടന്നു.
നാടകരംഗത്തെ പത്ത് പ്രതിഭകളെ മത്സരവേദിയിൽ ആദരിച്ചു. നടി കെ.പി.എ.സി പുഷ്പലത ഉൾപ്പെടെ പത്ത് പേർക്ക് 5000 രുപ വീതം ചികിത്സാ സഹായവും പത്ത് വിദ്യാർത്ഥികൾക്ക് ആയിരം രുപ വീതം പഠന സഹായവും വിതരണം ചെയ്തു. മികച്ച നാടകത്തിന് അഖിൽ ജെ. പ്രസാദ് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 15001 രൂപയും രണ്ടാമത്തെ നാടകത്തിന് കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രയോഗം ട്രസ്റ്റ് എവർറോളിംഗ് ട്രോഫിയും 7501രൂപയും മൂന്നാമത്തെ നാടകത്തിന് പാമ്പുറം പുത്തൻ വീട്ടിൽ കെ. ശ്രീധരൻനായർ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 5001രൂപയും മികച്ച നടന് കളിയിലിൽ വി. പുരുഷോത്തമൻപിളള സ്മാരക അവാർഡും മികച്ച നാടക രചയിതാവിന് കുളമട സോമാനന്ദൻ മെമ്മോറിയൽ അവാർഡും നൽകും.