road
തെന്മല പഞ്ചായത്തിലെ മാമ്പഴത്തറ- ഉപ്പുകുഴി വന പാത തകർന്ന നിലയിൽ

പുനലൂർ: ഇളകിക്കിടക്കുന്ന മെറ്റൽ നിറഞ്ഞ് ഒരു റോഡ്. ദുരിതയാത്രയിൽ തളർന്ന് നാട്ടുകാർ. തെന്മല ഗ്രാമ പഞ്ചായത്തിലെ മാമ്പഴത്തറ- ഉപ്പുകുഴി വാനപാതയാണ് തകർന്ന് തരിപ്പണമായത്.. മാമ്പഴത്തറയിൽ നിന്ന് നെടുമ്പാറ വഴി ദേശീയ പാതയിലെത്താതെ പ്രദേശവാസികൾ പുനലൂരിൽ എത്തുന്ന സമാന്തര പാതയാണിത്. മാമ്പഴത്തറയിൽ നിന്ന് ഉപ്പുകുഴി വരെയുളള ആറ് കിലോമീറ്റർ ദൂരത്തിലെ റോഡിൽ നാല് കിലോമീറ്ററും തകർന്നു കിടക്കുകയാണ്. രണ്ട് കിലോമീറ്റർ ദൂരത്തെ ടാറിംഗ് ഒഴിച്ച് ശേഷിക്കുന്ന ഭാഗങ്ങളിലെ ടാറിംഗ് കനത്ത മഴയിൽ ഒലിച്ചുപോയി. മൂന്ന് മാസം മുമ്പ് റീ ടാറിംഗ് നടത്തിയ റോഡാണിത്. പത്തനാപുരം ഡിപ്പോയിൽ നിന്ന് ദിവസവും മാമ്പഴത്തറയിലേക്ക് അഞ്ച് കെ.എസ്.ആർ.ടി.സി.ബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്. . ഉപ്പുകുഴിയിൽ നിന്ന് ആറ് കിലോമീറ്റർ ദൈർഘ്യമുളള വനപാതയിലൂടെ സഞ്ചരിച്ചാലെ ജനവാസ മേഖലയായ മാമ്പഴത്തറയിൽ എത്താൻ കഴിയു. ഇരു ചക്രവാഹനങ്ങളും, സ്വകാര്യ ജീപ്പുകളും ഇതുവഴി പോകാറുണ്ട്. . മാമ്പഴത്തറയിലെ അഞ്ഞൂറോളം കുടുംബങ്ങൾ ദേശീയ പാതയിൽ എത്താതെ പുനലൂരിൽ എത്തുന്നത് ഇൗ സമാന്തര പാതയിലൂടെയാണ്. മാമ്പഴത്തറയിൽ നിന്ന് ദേശീയ പാതയിലെ കഴുതുരുട്ടി വഴി പുനലൂരിൽ എത്തണമെങ്കിൽ 40 കിലോമീറ്റർ സഞ്ചരിക്കണം. എന്നാൽ ദേശീയ പാത വഴി ചുറ്റാതെ മാമ്പഴത്തറയിൽ നിന്ന് ഉപ്പുകുഴി, ചാലിയക്കര വഴി പുനലൂരിൽ എത്താൻ 16 കിലോമീറ്റർ സഞ്ചരിച്ചാൽ മതിയെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതുവഴി പുനലൂരിൽ എത്തിയാൽ 22 കിലോമീറ്റർ ലാഭിക്കാനും കഴിയും. ഇതാണ് മാമ്പഴത്തറയിലെ മലയോരവാസികൾ വനപാത വഴി പുനലൂരിൽ എത്തുന്നത്.അറ്റകുറ്റപ്പണിക്ക് നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.