കരുനാഗപ്പള്ളി: പുതിയകാവ് - ചക്കുവള്ളി റോഡിലൂടെയാണ് യാത്രയെങ്കിൽ സൂക്ഷിക്കണം. തഴവ അമ്പലമുക്ക് ഭാഗത്തെ ചപ്പാത്തിലെ കുഴികൾ അപകടക്കെണിയൊരുക്കി കാത്തിരിക്കുകയാണ്. ഏറെ വാഹനത്തിരക്കുള്ള റോഡ് നാല് വർഷം മുമ്പാണ് ടാർ ചെയ്തത്. വെള്ളക്കെട്ടുള്ള അമ്പലമുക്ക് ഭാഗത്തു നിന്ന് മഴവെള്ളം ഒഴുകിപ്പോകുന്നതിന് വേണ്ടിയാണ് ചപ്പാത്ത് നിർമ്മിച്ചത്. ഈ ഭാഗത്തെ റോഡ് നിർമ്മാണത്തിൽ വന്ന അപാകതയാണ് ചപ്പാത്ത് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇപ്പോൾ ചപ്പാത്ത് പൂർണമായും തകർന്നുകിടക്കുകയാണ്. ചപ്പാത്തിലെ കുഴികളിൽപ്പെടുന്ന ഇരുചക്ര വാഹനങ്ങളാണ് മിക്കപ്പോഴും അപകടത്തിൽപ്പെടുന്നത്. ജില്ലയുടെ കിഴക്കൻ മേഖലകളെ കരുനാഗപ്പള്ളിയുമായി ബന്ധിപ്പിക്കുന്ന സംസ്ഥാന ഹൈവേയാണിത്. ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും പോകുന്നത്. റോഡിലെ വളവിനോട് ചേർന്നാണ് ചപ്പാത്ത്.വേഗതയിൽ വരുന്ന വാഹനങ്ങൾ വളവ് തിരിയുമ്പോഴാണ് ചപ്പാത്ത് ശ്രദ്ധയിൽപ്പെടുന്നത്. അപ്പോഴേക്കും കുഴികളിൽ അകപ്പെട്ടിരിക്കും. വാഹനങ്ങൾ പെട്ടന്ന് ബ്രേക്ക് ഇടുമ്പോഴാണ് അപകടം സംഭവിക്കുന്നത്. കുഴികൾ അടയ്ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ട് തുടങ്ങിയിട്ട് നാളുകളേറെയായി. ഓരോ ദിവസം കഴിയുമ്പോഴും കുഴികളുടെ വിസ്തൃതി കൂടുകയാണ്.