rice
പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിച്ചെടുത്ത അരിയുമായി ആർ.പി.എഫ്. ഉദ്യോഗസ്ഥർ

പുനലൂർ: തമിഴ്നാട്ടിൽ നിന്ന് ട്രെയിനിൽ അനധികൃതമായി കടത്തിക്കൊണ്ട് വന്ന 500 കിലോ അരി ആർ.പി.എഫ് പിടിച്ചെടുത്തു. ചെങ്കോട്ടയിൽ നിന്ന് കൊല്ലത്തേക്കുളള പാസഞ്ചർ ട്രെയിനിൽ കൊണ്ടുവന്ന അരി പുനലൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. അരി ചാക്കുകളിൽ നിറച്ച് സീറ്റിനടിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. ഇത് തമിഴ്നാട്ടിലെ റേഷൻ അരിയാണെന്ന് കരുതുന്നതായി അധികൃതർ പറഞ്ഞു.
സാധാരണ നിലയിൽ അരിയടക്കമുള്ള സാധനങ്ങൾ തമിഴ്നാട്ടിൽ നിന്ന് അനധികൃതമായി കേരളത്തിലേക്ക് കടത്തുന്നവർ കൊണ്ടുവരുന്ന സാധനങ്ങളുടെ അടുത്ത് ഇരിക്കാറില്ല. കൊല്ലം - ചെങ്കോട്ട മീറ്റർ ഗേജ് ട്രെയിൻ സർവീസ് ഉണ്ടായിരുന്നപ്പോൾ തമിഴ്നാട്ടിൽ നിന്ന് റേഷനരി ഉൾപ്പെടെയുള്ള സാധനങ്ങളുടെ കള്ളക്കടത്ത് സജീവമായിരുന്നു. ഗേജ് മാറ്റ ജോലികൾക്കായി എട്ട് വർഷത്തോളം ട്രെയിൻ സർവീസ് നിറുത്തി വച്ചപ്പോൾ സാധനക്കടത്തും നിലച്ചിരുന്നു. ഗേജുമാറ്റ ജോലികൾ പൂർത്തിയാക്കി ട്രെയിൻ സർവീസ് പുനരാരംഭിച്ചതോടെ ട്രെയിൻ മാർഗ്ഗമുള്ള അനധികൃത സാധനക്കടത്ത് വീണ്ടും വർദ്ധിച്ചിരിക്കുകയാണ്. ഇത് കണക്കിലെടുത്താണ് ട്രെയിനിൽ പരിശോധന നടത്തിയത്. പിടിച്ചെടുത്ത അരി പിന്നീട് പുനലൂരിലെ സിവിൽ സപ്ലൈസ് അധികൃതർക്ക് കൈമാറി.
ആർ.പി.എഫ് സി.ഐ മനോഹരൻ, എസ്.ഐ പ്രൈസ് മാത്യു, ജീവനക്കരായ വിനോദ്കുമാർ, മാരിയപ്പൻ, ശങ്കർലാൽ, മുരുകരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.