amirtha-1
മാതാ അമൃതാനന്ദമയി മഠത്തിന്റെ അന്താരാഷ്ട്ര യുവജനവിഭാഗമായ 'അയുദ്ധിന്റെ

അമൃതപുരി: മാതാ അമൃതാനന്ദമയി മഠത്തിന്റെ അന്താരാഷ്ട്ര യുവജനവിഭാഗമായ 'അയുദ്ധിന്റെ" നേതൃത്വത്തിൽ തിരുവല്ല അമൃതാനന്ദമയി മഠത്തിൽ ദ്വിദിന ദക്ഷിണമേഖലാ യുവജന ശിബിരം 'ദക്ഷിൺ" സംഘടിപ്പിച്ചു. തെക്കൻ കേരളത്തിലെ അയുദ്ധിന്റെ ഘടകങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്ത ക്യാമ്പ്, വിവിധ ക്ഷേത്രങ്ങളിൽ നിന്നെത്തിച്ച മണ്ണിൽ അമൃതാനന്ദമയി മഠത്തിലെ സ്വാമി ജ്ഞാനാമൃതാനന്ദപുരി രുദ്രാക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
വ്യക്തിത്വവും നേതൃപാടവവും വികസിപ്പിക്കാൻ രൂപകല്പന ചെയ്ത ശില്പശാലയും പഠനക്ലാസുകളും മത്സരങ്ങളും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഡോ. ലക്ഷ്മി ശങ്കർ, സൂരജ് സുബ്രഹ്മണ്യൻ, വിനോദ്കുമാർ, ഷൈജൻ തുടങ്ങിയ അദ്ധ്യാപകർ ക്ളാസുകൾക്ക് നേതൃത്വം നൽകി. ബ്രഹ്മചാരികളായ അനഘാമൃത ചൈതന്യ, നിഷ്ഠാമൃതാനന്ദ ചൈതന്യ, ഭവ്യാമൃത ചൈതന്യ, ശകുന്തള, അയുദ്ധ് ദേശീയ ഏകോപന സമിതിയംഗം വിവേക്, സംസ്ഥാന ഏകോപന സമിതിയംഗം പ്രജിത്, മുരളീകൃഷ്ണൻ തുടങ്ങിയവർ ക്യാമ്പ് ഏകോപിപ്പിച്ചു.
വ്യക്തമായ ദിശാബോധവും ജീവിത ലക്ഷ്യവും സമന്വയിപ്പിച്ച് സ്വാർത്ഥത വെടിഞ്ഞ് സ്‌നേഹം, സേവനം, കാരുണ്യം എന്നിവ സ്വജീവിതത്തിലും സമൂഹത്തിലും വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടാണ് അയുദ്ധ് യുവജന സംഘടന പ്രവർത്തിക്കുന്നത്.