കരുനാഗപ്പള്ളി: ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കരുനാഗപ്പള്ളിയിൽ തുടക്കമായി. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, ഗവ. യു.പി.എസ്, ടൗൺ എൽ.പി.എസ്, പുതുമണ്ണേൽ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.
പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഇത്തവണതെ കലോത്സവം സംഘടിപ്പിക്കുന്നത്. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലെ കുട്ടികൾക്ക് മാത്രമായി ഉപജില്ലാ കലോത്സവം ചുരുക്കിയിട്ടുമുണ്ട്. 1500 ഓളം കുട്ടികളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. കലോത്സവത്തിന് തുടക്കം കുറിച്ച് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാ ചെയർപേഴ്സൺ എം. ശോഭന പതാക ഉയർത്തി. സംഘാടക സമിതി ജനറൽ കൺവീനർ ബിന്ദു ആർ. ശേഖർ,എ.ഇ.ഒ ടി. രാജു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം. മഞ്ജു, കൺസിലർ എൻ.സി. ശ്രീകുമാർ, ഹെഡ്മിസ്ട്രസ് മേരി ടി. അലക്സ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ.എ. സമദ്, കൺവീനർ കെ. രാജീവ്, ഷിഹാബ്. എസ് .പൈനുംമൂട്, കെ.ജി. ശിവപ്രസാദ്, കെ. ശ്രീകുമാർ, എൽ.എസ്. ജയകുമാർ എന്നിവർ പങ്കെടുത്തു.
തുടർന്ന് പ്രധാനവേദിയിൽ നൃത്ത മത്സരങ്ങൾ അരങ്ങേറി. യുപി സ്കൂളിലെ വേദിയിൽ സംഗീത മത്സരങ്ങളും പുതുമണ്ണേൽ ഓഡിറ്റോറിയത്തിൽ മോണോ ആക്ട്, മിമിക്രി, മൂകാഭിനയം, നാടകം എന്നിവയും ടൗൺ എൽ.പി.എസിൽ പദ്യംചൊല്ലൽ, പ്രസംഗം, കഥാപ്രസംഗം എന്നീ മത്സരങ്ങളും നടന്നു.
ഇന്ന് രാവിലെ പ്രധാനവേദിയിൽ തിരുവാതിര, മാർഗംകളി, നാടൻപാട്ട്, വഞ്ചിപ്പാട്ട് എന്നിവയും യു.പി സ്കൂളിൽ കഥകളി ഓട്ടൻതുള്ളൽ, ചെണ്ടമേളം, പരിചമുട്ട് എന്നീ മത്സരങ്ങളും പുതുമണ്ണേൽ ഓഡിറ്റോറിയത്തിൽ മാപ്പിളപ്പാട്ട്, ഒപ്പന, കോൽക്കളി, ടൗൺ എൽ.പി.എസിൽ അക്ഷരശ്ലോകം, പ്രശ്നോത്തരി, പ്രഭാഷണം, നാടകം, ഗാനാലാപനം തുടങ്ങിയ മത്സരങ്ങളും അരങ്ങേറും.