ചാത്തന്നൂർ: സ്കൂൾ -കോളേജ് വിദ്യാർത്ഥികൾക്കും വിദേശ വിനോദ സഞ്ചാരികൾക്കും വിതരണം ചെയ്യാനായി ശേഖരിച്ച 600 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ ചത്തന്നൂർ എക്സൈസ് സംഘം പിടിച്ചെടുത്തു.
ഇതുമായി ബന്ധപ്പെട്ട് പരവൂർ മാമൂട് മിത്തിര വിലാസത്തിൽ ശ്രീമുഖദാസനെ (56) പ്രതിയാക്കി കേസെടുത്തു. എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ എസ്. നിജുമോനും സംഘവും നടത്തിയ പരിശോധനയിലാണ് വിൽപനയ്ക്കായി വീട്ടിലെ വിറക് പുരയിൽ സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് പലദിവസങ്ങളിലായി എട്ട് ചാക്കുകളിൽ പുകയില ഉത്പന്നങ്ങൾ എത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ പി.കെ.സനു വിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പ്രിവന്റീവ് ഓഫീസർമാരായ ജോൺ, അരുൺ, ദിനേശ്, ഷിഹാബ്, സി.ഇ.ഒമാരായ ഷെഹിൻ ബിജോയി എന്നിവർ പരിശോധനയിൽ പങ്കെടുത്തു