eco
തെന്മല പരപ്പാർ അണക്കെട്ടിൽ ബോട്ട് യാത്രക്ക് എത്തിയ വിനോദ സഞ്ചാരികൾ.

പുനലൂർ: വിനോദ സഞ്ചാരികളുടെ തിരക്കേറുകയാണ് കിഴക്കൻ മലയോര മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ. തെന്മല ഇക്കോ ടൂറിസം, ഒറ്റക്കൽ മാൻപാർക്ക്, തെന്മല ഡാം, പാലരുവി, കുറ്റാലം എന്നിവയാണ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ. ആഗസ്റ്റിൽ ഉണ്ടായ പ്രളയക്കെടുതിയെ തുടർന്ന് തിരക്കുകുറവായിരുന്ന കേന്ദ്രങ്ങൾ സജീവമായിത്തുടങ്ങി. തെന്മലയിൽ എത്തുന്നവർക്ക് പരപ്പാർ അണക്കെട്ട്, ഇക്കോ ടൂറിസം മേഖലയിലെ അഡ്വൈഞ്ചർ സോൺ, വാട്ടർ ഫൗണ്ടൻ, ലെഷർ സോൺ, ഉല്ലാസ ബോട്ട് സവാരി തുടങ്ങിയവയും ആസ്വദിക്കാൻ കഴിയും. എർത്ത് ഡാമിലെ ഉല്ലാസബോട്ട് യാത്രയ്ക്ക് എത്തുന്നവർക്ക് കാട്ടാന, കാട്ടുപോത്ത്, പുലി, മാൻ, മ്ലാവ് അടക്കമുളള വന്യമൃഗങ്ങളെയും വിവിധതരം പക്ഷികളെയും കാണാം. പശ്ചിമഘട്ട മലനിരകളുടെ സൗന്ദര്യം നുകരാനും കഴിയും. പക്ഷി, മൃഗാദികളുടെ ഫോട്ടോയെടുക്കാൻ ടൂറിസ്റ്റുകൾ തമ്മിൽ മത്സരമാണ്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം അടക്കമുളള ജില്ലകൾക്ക് പുറമെ തമിഴ്നാട്ടിൽ നിന്നും സഞ്ചാരികൾ എത്തുന്നുണ്ട്. ക്രിസ്മസ്, പുതുവത്സര ആഘോഷം ആരംഭിക്കുന്നതോടെ തെന്മലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ടൂറിസ്റ്റുകളെക്കൊണ്ട് നിറയും.