കരുനാഗപ്പള്ളി: ട്രാവൻകൂർ - ഷെർണ്ണൂർ കനാലിന്റെ തീരസംരക്ഷണത്തിനായി ജലസേചന വകുപ്പ് നിർമ്മിച്ച കരിങ്കൽ ഭിത്തി തകർച്ചാ ഭീഷണിയിൽ. 14 വർഷം മുമ്പുണ്ടായ സുനാമി ദുരന്തത്തെ തുടർന്നാണ് ടി.എസ്.കനാലിന്റെ ഇരുകരകളിലും സംരക്ഷണഭിത്തി നിർമ്മിച്ചത്. സുനാമി തിരമാലകളുടെ ആക്രമണത്തിൽ കായൽത്തീരം പലയിടത്തും തകർന്നിരുന്നു. സുനാമി സ്പെഷ്യൽ പാക്കേജിൽ ഉൾപ്പെടുത്തി അനുവദിച്ച 3.18 കോടി രൂപ ചെലവിൽ 12 വർഷം മുമ്പാണ് തീരസംരക്ഷണ ഭിത്തി നിർമ്മിച്ചത്. അഴീക്കൽ മുതൽ തെക്കോട്ട് ആലുംകടവിന് വടക്കുഭാഗം വരെയാണ് കരിങ്കല്ലുകൊണ്ട് തീരത്തിന് സമാന്തരമായി ഭിത്തി നിർമ്മിച്ചത്. ഒന്നിടവിട്ട സ്ഥലങ്ങളിൽ മാത്രമാണ് ഭിത്തിയുള്ളത്. ജലനിരപ്പിൽ നിന്ന് മുകളിലേക്ക് തീരത്തോട് ചേർന്ന് ഒന്നര മീറ്റർ ഉയരത്തിലാണ് ഭിത്തി. സംരക്ഷണ ഭിത്തി നിർമ്മിച്ചപ്പോൾ സിമന്റ് പൂശി ബലപ്പെടുത്തിയിരുന്നില്ല. പാറകൾ വെറുതെ അടുക്കി മേൽഭാഗം കോൺക്രീറ്റ് ചെയ്യുക മാത്രമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. മേൽഭാഗം നാലിഞ്ച് പൊക്കത്തിലും 12 ഇഞ്ച് വീതിയിലും കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തണമായിരുന്നു. ടെൻഡറിലെ നിർദ്ദേശങ്ങൾ പാലിക്കാതെയാണ് നിർമ്മാണം നടത്തിയത്. മാസങ്ങൾക്കുള്ളിൽത്തന്നെ പാറകൾ ഇളകിത്തുടങ്ങി.. പാറ അടുക്കുമ്പോഴും കോൺക്രീറ്റ് നടത്തുമ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. ഇതിനെതിരെ നാട്ടുകാർ ഉയർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നെങ്കിലും ജലസേചന വകുപ്പ് തുടർനടപടി സ്വീകരിച്ചില്ല. ഭിത്തി പൂർണമായും തകർന്നാൽ കര ഇടിഞ്ഞ് മണ്ണ് കായലിലേക്ക് വീഴും. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
---------
12 വർഷം മുമ്പ്
ഭിത്തി നിർമ്മിച്ചത്
3.18 കോടി ചെലവിൽ