 
അഞ്ചാലുംമൂട്: ജീവിത സായന്തനത്തിൽ ഒറ്റപ്പെട്ടുപോയവരുടെ കൂടാരമായ ഇഞ്ചവിള സർക്കാർ വൃദ്ധസദനത്തെക്കുറിച്ച് പറയാൻ അന്തേവാസികൾക്ക് ഒന്നേയുള്ളൂ. ഇവിടം ഞങ്ങൾക്ക് സ്വർഗമാണ്.
കഥ പറച്ചിലും പാട്ടുമൊക്കെയായി ഇവരെല്ലാം ജീവിതം ആഘോഷമാക്കുകയാണ്. സ്വപ്നങ്ങൾക്ക് നിറം പകരാൻ സർക്കാർ ഏജൻസികളും സദാ ശ്രദ്ധചെലുത്തുന്നതാണ് ഇവരുടെ ഇന്നത്തെ ഉന്നതിക്ക് കാരണം.
സംസ്ഥാനത്തെ 16 വൃദ്ധ സദനങ്ങളിൽ ഏറ്റവും മികച്ചതാണ് തൃക്കരുവ ഗ്രാമപഞ്ചായത്തിലെ ഈ സ്ഥാപനം. സാമൂഹിക നീതി വകുപ്പിന്റെ അധീനതയിലുള്ള ഇതിന്റെ ചുമതല ചിറ്റുമല ബ്ളോക്ക് പഞ്ചായത്തിനാണ്. 86 അന്തേവാസികളാണ് ഇവിടെയുള്ളത്. ഇതിൽ ബീഹാർ സ്വദേശി മാതാസാബ്(65), ആന്ധ്ര സ്വദേശികളായ ലക്ഷ്മി ഭായ്(70), യാരം വിജയലക്ഷ്മി(71) എന്നിവരും ഉൾപ്പെടും.
അഷ്ടമുടി കായലിന്റെ തീരത്തായി ഒരേക്കർ പത്ത് സെന്റ് സ്ഥലത്തായാണ് വൃദ്ധസദനം പ്രവർത്തിക്കുന്നത്. ആദ്യം വാടക കെട്ടിടത്തിലായിരുന്നു. പിന്നീട് ബ്ളോക്ക് പഞ്ചായത്ത് ഇവിടെ സ്ഥലം വാങ്ങി സാമൂഹിക നീതി വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ബഹുനില കെട്ടിടം നിർമ്മിക്കുകയായിരുന്നു. കായൽതീരത്ത് പ്രഭാത സവാരിയോടെയാണ് അന്തേവാസികളുടെ ഒരുദിനം തുടങ്ങുക. അലോപ്പതി, ആയുർവേദം, ഹോമിയോ, മ്യൂസിക് തെറാപ്പി ചികിത്സാ സൗകര്യങ്ങളും യോഗ പരിശീലനവും ഉണ്ട്. നാല് നേരം മനസിനും ശരീരത്തിനും ഇണങ്ങിയ ഭക്ഷണം, സംഗീതം ആസ്വദിക്കാനുള്ള അവസരം,
3800 പുസ്തകങ്ങളുള്ള ലൈബ്രറി തുടങ്ങി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
5.5 കോടി രൂപയുടെ വികസനം
സാമൂഹിക നീതി വകുപ്പിൽ നിന്നും അനുവദിച്ച 5.5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരണ ഘട്ടത്തിലാണ്. 90 പേർക്ക് താമസിക്കാവുന്ന കെട്ടിടങ്ങളാണ് പൂർത്തിയായത്. ലിഫ്റ്റ് സൗകര്യം, മോഡുല്ർ കിച്ചൺ, സൗണ്ട് സിസ്റ്റം, എല്ലാ മുറികളിലും 24 മണിക്കൂറും സംഗീതാസ്വാദനത്തിനുള്ള സൗകര്യങ്ങൾ എന്നിവ തയ്യാറാക്കിയിട്ടുണ്ട്. വയോജന സൗഹൃദ മുറികളും ഡോർമെട്രികളും പ്രവേശന കവാടവും ഓഫീസ് മുറിയുമടക്കം ഈ പദ്ധതിയിലൂടെ നടപ്പാക്കും. എം. മുകേഷ് എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് സോളാർ ഹീറ്ററും സ്ഥാപിച്ചു. വാട്ടർ പ്യൂരിഫയർ, സി.സി.ടി.വി കാമറകൾ എന്നിവയും സജ്ജമാക്കി. ബ്ളോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ച് 80 കട്ടിൽ, മെത്ത, ടേബിൾ എന്നിവ വാങ്ങി. ബ്ളോക്ക് പഞ്ചായത്തിൽ നിന്നും 45 ലക്ഷം രൂപ സീവേജ് പ്ളാന്റിന് അനുവദിച്ചതും ടെണ്ടറായി.
കുറവുകളില്ലാത്ത വൃദ്ധസദനം
സമയം കിട്ടുമ്പോഴൊക്കെ വൃദ്ധസദനത്തിലെത്തും. ഹൈടെക് സംവിധാനങ്ങളാണ് വൃദ്ധസദനത്തിൽ സർക്കാർ ഏജൻസികൾ വഴി എത്തിക്കുന്നത്. 86 വൃദ്ധജനങ്ങൾ ഇപ്പോൾ ഇവിടെയുണ്ട്. 90 പേരെക്കൂടി ഉൾപ്പെടുത്താനുള്ള സൗകര്യങ്ങളൊരുക്കി. വാഹനം ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നം.
ഇതിന് സുമനസുകളുടെ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. കിട്ടിയില്ലെങ്കിൽ അടുത്ത പദ്ധതിയിൽ ഉൾപ്പെടുത്തി വാഹനവും ലഭ്യമാക്കും. സൗരോർജ്ജ പ്ളാന്റിനും ഫണ്ട് വകയിരുത്തും.
സി.സന്തോഷ് കുമാർ, പ്രസിഡന്റ്, ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത്
സദാ സേവന സന്നദ്ധം
ഇവിടം സ്വർഗ്ഗമാണ്. ഒറ്റപ്പെട്ട ജീവിതത്തിൽ നിന്നും ഒരുപാട് സങ്കടങ്ങളിൽ നിന്നും ഈ സ്വർഗ്ഗ കൂടാരത്തിലേക്ക് എത്തിപ്പെട്ടവർ. അവരുടെ സങ്കടക്കണ്ണീർ ഇവിടെ വീഴാതിരിക്കാൻ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്. 16 ജീവനക്കാർ സേവന സജ്ജരായിട്ടുണ്ട്. സഹായവുമായി സുമനസുകളും ഇവിടേക്ക് എത്താറുണ്ട്. അവരുടെ കുടുംബത്തിന്റെ വിശേഷങ്ങൾ വൃദ്ധസദനത്തിലെ അംഗങ്ങൾക്കൊപ്പം ആഘോഷിക്കുവാനും മറ്റുമായി.
എം.സന്തോഷ് കുമാർ, സൂപ്രണ്ട്