കൊട്ടാരക്കര: മൃതപ്രായമായിരുന്ന ബി.ജെ.പി യെ ഓക്സിജൻ നൽകി ഉണർത്തി എന്നതാണ് ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി ചെയ്തതെന്ന് കെ. മുരളീധരൻ എം.എൽ.എ പറഞ്ഞു. 'വിശ്വാസം രക്ഷിക്കാൻ വർഗീയതയെ തുരത്താൻ" എന്ന മുദ്രാവാക്യവുമായി നടത്തുന്ന വിശ്വാസ സംരക്ഷണ ജാഥയുടെ രണ്ടാംദിവസമായ ഇന്നലെ വയയ്ക്കലിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായയിരുന്നു അദ്ദേഹം.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സർവകക്ഷിയോഗം വിളിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. യോഗം വിളിക്കേണ്ടെന്ന് പറയാൻ പാർട്ടി സെക്രട്ടറിക്ക് അധികാരമില്ല. ദേവസ്വം ബോർഡോ സർക്കാരോ ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ശബരിമലയിൽ ഭക്തരെ നിയന്ത്രിക്കുമെന്നു പറയുന്ന മുഖ്യമന്ത്രി പ്രതിവർഷം ഇവിടെ എത്തുന്ന മൂന്നരക്കോടി ജനങ്ങളെ എങ്ങനെ നിയന്ത്രിക്കുമെന്ന് വ്യക്തമാക്കണം. ശബരിമല ഡ്യൂട്ടിക്കെത്തിയ വനിതാ പൊലീസുകാരുടെ പ്രായം പരിശോധിച്ചത് ആർ.എസ്.എസ് കാരാണെന്ന തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയുടെ ഭരണപരമായ വിഴ്ചയാണ് കാണിക്കുന്നത്.
മണ്ഡല കാലത്ത് ശബരിമലയിൽ ശാന്തിയും സമാധാനവും നിലനിറുത്താൻ മുഖ്യമന്ത്രി പിടിവാശിയും ധാർഷ്ട്യവും ഉപേക്ഷിക്കണം. എല്ലാ ഭക്തരെയും ആർ.എസ്.എസ് കാരായി കാണരുതെന്നും മുരളീധരൻ തുടർന്ന് പറഞ്ഞു.