# പത്ത് ആശയങ്ങൾ ഗ്രാൻഡ് ഫിനാലെക്കായി തിരഞ്ഞെടുത്തു.
കൊല്ലം: കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന സ്റ്റാർട്ടപ്പ് യാത്രയുടെ രണ്ടാമത്തെ ബൂട്ട് ക്യാമ്പിൽ നിന്ന് പത്ത് ആശയങ്ങൾ ഈ മാസാവസാനം നടക്കുന്ന ഗ്രാൻഡ് ഫിനാലെക്കായി തിരഞ്ഞെടുത്തു.
കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ ചൊവ്വാഴ്ച നടന്ന ബൂട്ട് ക്യാമ്പിൽ ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. 30 ആശയങ്ങൾ അവതരിപ്പിക്കപ്പെട്ടു. മൂന്നാമത്തെ ബൂട്ട് ക്യാമ്പിന് ഇന്ന് പാലാ സെന്റ് ജോസഫ് കോളേജ് വേദിയാകും.
കേരളത്തിലെ ചെറുനഗരങ്ങളിൽ നിന്നുള്ളവർക്ക് തങ്ങളുടെ ആശയങ്ങളും മാതൃകകളും അവതരിപ്പിക്കാനാണ് സ്റ്റാർട്ടപ്പ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച ചെങ്ങന്നൂർ എൻജിനിയറിംഗ് കോളേജിൽ ക്രമീകരിച്ച വാൻ സ്റ്റോപ്പിൽ 250 വിദ്യാർത്ഥികൾ അണിനിരന്നു. ഇന്ന് കൊച്ചി ഇൻഫോപാർക്കിലും കാക്കനാട് രാജഗിരി സ്‌കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലും വാൻ സ്‌റ്റോപ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
14 ജില്ലകളിലെ 14 സ്ഥലങ്ങളിലൂടെയാണ് സ്റ്റാർട്ടപ്പ് യാത്ര കടന്നു പോകുന്നത്. കൂടാതെ എട്ട് ബുട്ട് ക്യാമ്പുകളും യാത്രയുടെ ഭാഗമായി നടത്തും. ബൂട്ട് ക്യാമ്പുകളിലാണ് ആശയങ്ങൾ അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റാർട്ടപ്പ് മിഷൻ ഒരുക്കുന്ന ദ്വിദിന ത്വരിത പരിശീലന ക്യാമ്പിൽ പങ്കെടുക്കാം. അതിലെ പ്രകടനത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സംരംഭം തുടങ്ങാൻ വേണ്ട സഹായം സംസ്ഥാന സർക്കാർ നൽകും. വിജയികളാകുന്നവർക്ക് നവംബർ 26, 27 തിയതികളിൽ തിരുവനന്തപുരം പാർക്ക് സെന്ററിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പത്തുലക്ഷം രൂപയുടെ സമ്മാനങ്ങൾ ലഭിക്കും.
സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച സ്റ്റാർട്ടപ്പ് ഇന്ത്യയുടെ സഹകരണത്തോടെയാണ് സ്റ്റാർട്ടപ്പ് യാത്ര സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ ചെറുനഗരങ്ങളിലുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ സാദ്ധ്യത ഉപയോഗപ്പെടുത്തുകയാണ് യാത്രയുടെ പ്രാഥമിക ലക്ഷ്യം.