road
ഇടമൺ റെയിൽവേ സ്റ്റേഷൻ- അടിപ്പാത റോഡിൽ രൂപപ്പെട്ട് വെളളക്കെട്ട്.

പുനലൂർ:ഇടമൺ റെയിൽവേ സ്റ്റേഷന് കിഴക്കുഭാഗത്ത് അടിപ്പാത പണിതെങ്കിലും ഇതിനോട് ചേർന്നുളള റോഡ് പുനരുദ്ധരിക്കാത്തത് മൂലം നാട്ടുകാർ ബുദ്ധിമുട്ടുന്നു. ഇടമൺ റെയിൽവേ സ്റ്റേഷന്റെ മുന്നിലൂടെയുള്ള റെയിൽവേ ഭൂമിയിലെ റോഡിന്റെ 800 മീറ്ററോളം ഭാഗമാണ് തകർന്നുതരിപ്പണമായി കിടക്കുന്നത്. പുനലൂർ-ചെങ്കോട്ട റെയിൽവേ ഗേജ്മാറ്റത്തിന്റെ ഭാഗമായി നാട്ടുകാരും, റെയിൽവേയും ചേർന്ന് പണിത റോ‌ഡാണിത്. കുണ്ടും, കുഴിയും വെളളക്കെട്ടുമായി കിടക്കുകയാണിപ്പോൾ. റോഡ് കടന്നുപോകാൻ റെയിൽവേ ട്രാക്കിന് അടിയിലൂടെ റെയിൽവേ അടിപ്പാത നിർമ്മിച്ച് നൽകിയെങ്കിലും നവീകരണം അനന്തമായി നീണ്ടുപോകുകയാണ്. ദേശിയപാതയിലെ ഇടമൺ സത്രം ജംഗ്ഷനിൽ നിന്നാരംഭിച്ച് ഇടമൺ റെയിൽവേ സ്റ്റേഷൻ,ചിറ്റാലംകോട്, ഇടമൺ ആയിരവല്ലി ക്ഷേത്രം, തോണിച്ചാൽ, വാഴവിള, ചെറുതന്നൂർ, നെടുംമ്പച്ച,ആനപെട്ടകോങ്കൽ തുടങ്ങിയ നിരവധി പ്രദേശങ്ങളിലേക്ക് യാത്രക്കാർപോകുന്ന ഗ്രാമീണ റോഡാണിത്. റെയിൽവേ ഭൂമിയിലൂടെ പോകുന്ന റോഡിന്റെ 800 മീറ്റർ ഭാഗം ഒഴിച്ച് ശേഷിക്കുന്ന സ്ഥലത്തെ പാത ഗതാഗതയോഗ്യമാക്കിയിട്ട് നാളെറെയായി. തകർന്ന റോഡ് പുനരുദ്ധരിച്ച് നൽകണമെന്ന് സ്ഥലം സന്ദർശിച്ച എൻ.കെ.പ്രേമചന്ദ്രൻ എം.പി. റെയിൽവേ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അന്ന് എം.പിക്ക് ഉറപ്പ് നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ല. ഇടമൺ പടിഞ്ഞാറ് ശാഖയിലെ ആയിരവല്ലി ക്ഷേത്രത്തിലേക്ക് ഭക്തർ എത്തുന്ന പ്രധാനപാതയാണ് ഇത്. റോഡിന്റെ തകർച്ച കാരണം ഓട്ടോറിക്ഷകൾ പോലും വരാൻ തയ്യാറാകുന്നില്ല, കാർഷിക മേഖലയായ ചിറ്റാലംകോട്, തോണിച്ചാൽ,നെടുമ്പച്ച പ്രദേശങ്ങളിലെ കാർഷിക ഉൽപ്പന്നങ്ങൾ ദേശീയ പാതയിൽ എത്തിക്കേണ്ടതും ഇൗ റോഡ് വഴിയാണ്. റോഡ് അടിയന്തരമായി പുനരുദ്ധരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

--------

അടിപ്പാത പണിതത് 1 വർഷം മുമ്പ്

ഇടമൺ റെയിൽവേ സ്റ്റേഷന്റെ മുന്നിലൂടെയുള്ള 800 മീറ്ററോളം ഭാഗമാണ് തകർന്നത്