forencik

കുളത്തൂപ്പുഴ : വീട്ടമ്മയെ കുത്തിക്കൊന്ന കേസിൽ പിടിയിലായ മകളുടെ കാമുകനെത്തിയത് കാമുകിയെ കൊന്ന ശേഷം സ്വയം ജീവനൊടുക്കാൻ. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി പാറവിള പുത്തൻ വീട്ടിൽ പി.കെ. വർഗീസിന്റെ ഭാര്യ മേരിക്കുട്ടി വർഗീസിനെയാണ് (48) മകളുടെ കാമുകൻ മധുര അനുപാനടി ബാബു നഗർ ഡോ‌ർ നമ്പർ 48 ൽ സതീഷ് (27) കുത്തിക്കൊന്നത്.

മേരിക്കുട്ടിയുടെ മൂത്തമകൾ ലിസ മുംബയിൽ നഴ്സാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ലിസയും സതീഷും ഏറെനാളായി പ്രണയത്തിലായിരുന്നു. അടുത്തിടെ സതീഷ് വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ വീട്ടുകാർ വേറെ വിവാഹം ആലോചിക്കുകയാണെന്ന് പറഞ്ഞ് ലിസ പിന്മാറി. ഇതേത്തുടർന്നുണ്ടായ പ്രണയ നൈരാശ്യത്തിലാണ് ഇയാൾ ഓൺലൈൻ ടാക്സിയിൽ കുളത്തൂപ്പുഴയിലെത്തിയത്. എൻജിനിയറായ സതീഷിൽ നിന്ന് ഉറക്ക ഗുളികകളും പൊലീസ് പിടിച്ചെടുത്തു. പാഴ്സൽ സർവീസിനെന്ന വ്യാജേന വീട്ടിൽ കടന്ന പ്രതി പെട്ടെന്ന് മേരിക്കുട്ടിയുടെ വലത് നെഞ്ചിൽ കുത്തുകയായിരുന്നു.

ഫോറൻസിക് വിദഗ്‌ദ്ധർ സ്ഥലത്ത് തെളിവെടുത്തു. വിരലടയാളങ്ങളും ശേഖരിച്ചിട്ടുണ്ട്. വീടിന്റെ പൂമുഖ വാതിലിലായിരുന്നു സംഭവം. വീട്ടമ്മ കുത്തേറ്റ് വീണെന്ന് കരുതുന്ന സ്ഥലത്ത് നിന്ന് കത്തിയും കിട്ടി. സംഭവശേഷം രക്ഷപ്പെടുന്നതിനിടെ വീണ് കാലും കൈയും ഒടിഞ്ഞ പ്രതിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേത്തുടർന്ന് ഇയാളെ ഇന്നലെ തെളിവെടുപ്പിനെത്തിക്കാനായില്ല. ഇന്ന് തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് കുളത്തൂപ്പുഴ സി.എെ സി.എൽ. സുധീർ പറഞ്ഞു.