കൊല്ലം: എസ്.എൻ കോളേജിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് പേർക്ക് പരിക്കേറ്റു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ലാത്തി വീശിയതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്.
ഇന്നലെ രാവിലെ 11 മണിയോടെ കോളേജിലെ എക്കണോമിക്സ്, ബികോം വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായി. അദ്ധ്യാപകർ ഇടപെട്ട് പ്രശ്നം പരിഹരിക്കുന്നതിനിടെ മറ്റ് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ ഇരുപക്ഷത്തുമായി സംഘടിച്ച് വാക്കുതർക്കമായി. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഏഴ് പേർക്ക് പരിക്കേറ്റത്. കോളേജ് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ലാത്തിവീശിയതോടെ വിദ്യാർത്ഥികൾ നാലുപാടും ചിതറിയോടി. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുകൂട്ടരുടെയും പരാതിയിൽ കണ്ടാലറിയാവുന്ന 60 ഓളം പേർക്കെതിരെ കേസെടുത്തതായി ഈസ്റ്റ് പൊലീസ് പറഞ്ഞു.