bsnl
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എസ്.എൻ.എൽ ജില്ലാ ജനറൽ മാനേജരുടെ ഓഫീസിലേക്ക് ജീവനക്കാർ നടത്തിയ പ്രതിഷേധമാർച്ച്

കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ യൂണിയൻസ് ആൻഡ് അസോസിയേഷൻസ് ഒഫ് ബി.എസ്.എൻ.എല്ലിന്റെ (എ.യു.എ.ബി ) നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ജില്ലാ ജനറൽ മാനേജരുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

എൻ.എഫ്. ടി. ഇ. ജില്ലാ സെക്രട്ടറി എസ്. ബഷീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം. നൗഷാദ് എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്തു. സഞ്ചാർ നിഗം എക്‌സിക്യൂട്ടീവ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വൈ. അഷറഫ്, എ.ഐ.ബി.എസ്.എൻ.എൽ.ഇ.എ ജില്ലാ സെക്രട്ടറി വി. അമൃത് ലാൽ, എ.ഐ.ബി.ഡി.പി.എ ജില്ലാ സെക്രട്ടറി എൻ. ശശിധരൻനായർ, ബി.എസ്.എൻ.എൽ.ഇ.യു സംസ്ഥാന അസി. സെക്രട്ടറി കെ.എൻ. ജ്യോതിലക്ഷ്മി, എസ്.എൻ.ഇ.എ സംസ്ഥാന കമ്മിറ്റിയംഗം ഇ.വി. സലിംകുമാർ എന്നിവർ സംസാരിച്ചു. എ.യു.എ.ബി ജില്ലാ കൺവീനർ സി. മുരളീധരൻപിള്ള സ്വാഗതവും സേവാ ബി.എസ്.എൻ.എൽ ജില്ലാ സെക്രട്ടറി സി.പി. ഷീബ നന്ദിയും പറഞ്ഞു. നൂറു കണക്കിന് ബി.എസ്.എൻ.എൽ ജീവനക്കാരും ഓഫീസർമാരും പെൻഷൻകാരും മാർച്ചിൽ പങ്കെടുത്തു.

ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ബി.എസ്.എൻ.എൽ വികസനം അട്ടിമറിക്കുന്ന നയങ്ങൾ തിരുത്തുക, ഫോർ ജി സ്‌പെക്ട്രം അനുവദിക്കുക, പെൻഷൻ പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.