കൊല്ലം: എഴുത്തുകാരൻ സ്വയം നവീകരിക്കണമെന്നും ആശയപരമായ മുന്നേറ്റം നടത്തണമെന്നും നിരൂപകൻ വി.എം. വിനയകുമാർ പറഞ്ഞു. സൈന്ധവ ബുക്‌സ് പ്രസിദ്ധീകരിച്ച ഡോ. പി.സി. റോയിയുടെ 'ഏകാകിയുടെ വിരുന്ന്' എന്ന പുസ്തകം പ്രകാശനവും കൊല്ലം എസ്.എൻ കോളജ് ലിറ്റററി ക്ലബിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു വിനയകുമാർ. എഴുത്തുകാരന് ബാഹ്യജീവിതത്തിലെ പ്രശ്‌നങ്ങളെ നേരിടണമെങ്കിൽ ആന്തരികമായ പ്രതിരോധം ആവശ്യമുണ്ട്. ഇത് വായനയിലൂടെ മാത്രമേ നേടിയെടുക്കാൻ കഴിയുകയുള്ളു. വിഷയ വൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ് പി.സി. റോയിയുടെ നിരൂപണ പുസ്തകം. സൗമ്യോക്തികൾ കൊണ്ട് സമ്പന്നമാണ് റോയിയുടെ ഭാഷയെന്നും വിനയകുമാർ പറഞ്ഞു. എസ്.എൻ കോളജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സി. അനിതാശങ്കർ പുസ്തകം ഏറ്റുവാങ്ങി. ഡോ.ആർ. സുനിൽകുമാർ പുസ്തക പരിചയം നടത്തി. ഡോ.എസ്. ശ്രീനിവാസൻ, ഡോ. പി.സി. റോയി, കെ.ജി. അജിത്കുമാർ, മലയാളവിഭാഗം അദ്ധ്യക്ഷ ഡോ. എം.എസ്. സുചിത്ര എന്നിവർ സംസാരിച്ചു.