photo
അഷ്ടമുടി വള്ളക്കടവ്

അഞ്ചാലുംമൂട്: ജനങ്ങളുടെ നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ അഷ്ടമുടിയിൽ തീരദേശ റോഡിന് സാദ്ധ്യതയേറി. ഇത് നിറവേറ്റാൻ ഇനി ജനപ്രതിനിധികളുടെ സുമനസാണ് വേണ്ടത്. അഷ്ടമുടിയെ വള്ളക്കടവ് റോഡുമായി ബന്ധിപ്പിക്കുന്നതാണ് തീരദേശ റോഡ്. വാഴയിൽ മുക്ക് മുതൽ വയലിൽക്കട മുക്ക് വരെ കായൽതീരത്തുകൂടി റോഡ് വരുന്നത് നാടിന് വലിയ തോതിൽ ഗുണം ചെയ്യും. ഒന്നര കിലോ മീറ്ററിൽ താഴെ മാത്രമാണ് ഇതിന് നീളമുണ്ടാവുക. രണ്ടാം ഘട്ടമെന്ന നിലയിൽ വയലിൽക്കട മുക്കിൽ നിന്ന് വീരഭദ്രസ്വാമിക്ഷേത്രത്തിന് സമീപമെത്തും വിധത്തിൽ കായൽ തീരത്തുകൂടി റോഡൊരുക്കാം.

വാഴയിൽമുക്ക് മുതൽ തോട്ടത്തിൽ കായൽവാരം വരെ നിലവിൽ മൂന്ന് മീറ്റർ വീതിയുള്ള റോഡുണ്ട്. ബാക്കി ഭാഗം നിർമ്മിച്ചാൽ മതിയാകും. കായൽ ടൂറിസത്തിന് വലിയ തോതിൽ തീരദേശ റോഡ് പ്രയോജനപ്പെടുത്താവുന്നതാണ്. പതിനഞ്ച് കുടുംബങ്ങളുടെ കൈവശമുള്ള ഭൂമിയാണ് നിർമ്മാണത്തിന് ഏറ്റെടുക്കേണ്ടത്. റോഡ് വരുന്നതോടെ ഭൂമിയുടെ വിലയിലും ഗണ്യമായ മാറ്റം വരുമെന്നതിനാൽ വസ്തു ഉടമകൾക്കും ഇതിനോട് താത്പര്യമാണ്. സൗജന്യമായും അല്ലാതെയും വസ്തു വിട്ടുനൽകാമെന്ന് ഭൂരിഭാഗം ഉടമകളും അറിയിച്ചിട്ടുണ്ട്.

ഉത്സവങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ വരുമ്പോൾ അഷ്ടമുടി- വള്ളക്കടവ് റോഡിൽ ഗതാഗതം ഏറെനേരം തടസപ്പെടാറുണ്ട്. മറ്റ് വഴികളൊന്നുമില്ലാത്ത സ്ഥിതിയായതിനാൽ ആശുപത്രിക്കേസ് വന്നാൽപ്പോലും രക്ഷയില്ല. തീരദേശ റോഡ് വന്നാൽ ഈ ദുരിതത്തിനും അറുതിയുണ്ടാകും. കായലിന്റെ വശങ്ങളിൽ ബലമുള്ള സംരക്ഷണ ഭിത്തി കെട്ടിയ ശേഷമാണ് റോഡ് നിർമ്മിക്കേണ്ടത്. വെള്ളം ഇവിടേക്ക് കയറാത്ത വിധത്തിൽ ഉയരം കൂട്ടി സംരക്ഷണ ഭിത്തിയൊരുക്കണം. കുറഞ്ഞത് മൂന്ന് മീറ്റർ വീതിയെങ്കിലും ഉള്ള റോഡ് വന്നാൽ തീരഭാഗങ്ങളിലും പുതിയ വികസനമെത്തും.

ഇനി തിരക്കേറും

പേഴുംതുരുത്ത്- പെരുമൺ പാലം യാഥാർത്ഥ്യമാകാനൊരുങ്ങുകയാണ്. കിഫ്ബിയിൽ നിന്നും 41.22 കോടി രൂപ അനുവദിച്ചത് ടെണ്ടർ നടപടികളിലേക്ക് തിരിയുകയാണ്. 408 മീറ്റർ നീളമുള്ള പാലമാണ് ഇവിടെ നിർമ്മിക്കുന്നത്. പാലം പൂർത്തിയാകുന്നതോടെ നാട് വലിയ തോതിൽ വികസിക്കും. അപ്പോൾ വാഹനത്തിരക്കുമേറും. ഈ തിരക്കിൽ നിന്നും രക്ഷനേടാൻ തീരദേശ റോഡ് അനിവാര്യമാണ്.

കൂടുതൽ ഫണ്ട് ലഭിക്കും

തീരദേശ റോഡിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിൽ ഗ്രാമപഞ്ചായത്ത് മുൻകൈയെടുക്കണം. ഇത് നടപ്പാക്കിയാൽ എം.പി, എം.എൽ.എ ഫണ്ടുൾപ്പടെ റോഡ് നിർമ്മാണത്തിന് ഉപയോഗിക്കാം. ഫിഷറീസ് വകുപ്പിന്റേതടക്കം ഫണ്ട് എത്താൻ വഴിയുള്ളതിനാൽ ഇനി കാലതാമസം വേണ്ടെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

ഏറെ നാളായുള്ള സ്വപ്നം

അഷ്ടമുടി തീരദേശ റോഡ് വളരെ നാളായുള്ള സ്വപ്നമാണ്. മുൻ പഞ്ചായത്തംഗം ഇതിനുള്ള ശ്രമം തുടങ്ങിവച്ചതുമാണ്. ഇപ്പോൾ കൂടുതൽപ്പേർ ഭൂമി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചതിനാൽ തീരദേശ റോഡ് യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷ.

(എസ്. പ്രിയ, ഗ്രാമപഞ്ചായത്തംഗം)