crame
വട്ടപ്പാറ മുളയറച്ചാലിൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ച ഗുണ്ടാ സംഘം.

ഓയൂർ: വട്ടപ്പാറ മുളയിറച്ചിൽ മാരകായുധങ്ങളുമായി രാത്രിയിൽ വീടുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിനെ ആക്രമിക്കാനെത്തിയ 15 അംഗ ഗുണ്ടാസംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പൂയപ്പള്ളി പൊലീസ് അറസ്​റ്റ് ചെയ്തു. ഓടനാവട്ടം തുറവൂർ രാഹുൽ ഭവനിൽ രാഹുൽ (23), വെളിയം മാലയിൽ കെ.ആർ.ഭവനിൽ കൃഷ്ണപ്രസാദ് (22), പൂയപ്പള്ളി മൈലോട് ജയന്തി കോളനിയിൽ പ്രജീഷ്(20), വെളിയം പുതുവിള കോളനിയിൽ പുതുവിളവീട്ടിൽ ബാഹുലേയൻ (18), പൂയപ്പളളി ചരുവിള കോണത്ത് വീട്ടിൽ ശരൺ(22), സഹോദരൻ വിനീഷ്(20), വെളിയം അറയ്ക്കൽ തെക്കതിൽ വീട്ടിൽ അഖിൽ (20),വെളിയം കോളനി പുതുവീട്ടിൽ വിപിൻ (18), വെളിയം ഞായപ്പള്ളി കോളനിയിൽ ബിജിതാ മന്ദിരത്തിൽ രാഹുൽ (18), ഞായപ്പള്ളി വീട്ടിൽ സുധി(21), പൂയപ്പള്ളി കോണത്ത് ചരുവിളവീട്ടിൽ ശ്യാം (20), വെളിയം മാലയിൽ വിഷ്ണു വിലാസത്തിൽ വിനായക് (19), ഞായപ്പള്ളിൽ വീട്ടിൽ സുനി (18), വെളിയം പരുത്തിയറ ഇടയില പുത്തൻവീട്ടിൽ അജിൻ (18), ചരുവിളവീട്ടിൽ ബിനീഷ് (26) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ്സംഭവം. മുളയിറച്ചാൽ ചിറവട്ടിക്കോണത്ത് വീട്ടിൽ നിഷാദിന്റെ വീട്ടിലായിരുന്നു അക്രമിസംഘം എത്തിയത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പ്രണയമഴ എന്ന സീരിയലിലെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളായ രാഹുലും നിഷാദുമായുണ്ടായ വാക്കു തർക്കത്തെത്തുടർന്ന് ഇരുവരും വിരോധത്തിലായി.തുടർന്ന് രാഹുലിന്റെ സുഹൃത്തായ പ്രജീഷിനെ അസഭ്യം പറഞ്ഞെന്നാരോപിച്ച് നിഷാദിനെ ആക്രമിക്കാൻ ഇവർ പദ്ധതിയിടുകയായിരുന്നു. ഇതിനായി ചൊവ്വാഴ്ച രാത്രിയിൽ രാഹുലും പ്രജീഷും കൂട്ടാളികളായ മറ്റ് 13 അംഗങ്ങളും ചേർന്ന് ചെളി ഉപയോഗിച്ച് നമ്പർപ്ലേ​റ്റ് മറച്ച അഞ്ച് ബൈക്കുകളിലായി മുളയറച്ചാലിലുള്ള നിഷാദിന്റെ വീട്ടിലെത്തി.എന്നാൽ നിഷാദ് വീട്ടിലില്ലാത്തതിനെ തുടർന്ന് തൊട്ടടുത്തുള്ള നിഷാദിന്റെ ബന്ധുവീട്ടിലെത്തി വാൾ, കമ്പി, വടി എന്നീ മാരകായുധങ്ങളുപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ബഹളം കേട്ട് സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ പ്രതികളെ തടഞ്ഞു വച്ച് പൊലീസിൽ വിവരംഅറിയിക്കുകയായിരുന്നു. പൊലീസ് എത്തിയ സമയം ഓടിരക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പൂയപ്പള്ളി എസ്.ഐ രാജേഷ് കുമാർ, എ.എസ്.ഐമാരായ ഷാജി, സുരേഷ്, ബേബിജോൺ,എ.സി.പി.ഒമാരായ ഷാബു, ഗോപൻ എന്നിവരടങ്ങുന്ന സംഘം കസ്​റ്റഡിയിൽ എടുക്കുകയായിരുന്നു. ഒന്നാം പ്രതിയായ രാഹുൽ- ഭവനേഭദനം, വധശ്രമം, അടിപിടി, പിടിച്ചുപറി, ആയുധം കാട്ടി ആളുകളെ ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പലതവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതികളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.