atm

തൃപ്പൂണിത്തുറ: എ.ടി.എം കവർച്ചാ കേസിൽ പിടിയിലായ ഹരിയാന സ്വദേശി ഹനീഫ് (37), രാജസ്ഥാൻ സ്വദേശി നസീം (24 ) എന്നിവരെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ഇന്നലെ തെളിവെടുപ്പ് നടത്തി.

തൃപ്പൂണിത്തുറ ഹിൽപാലസ് സി.ഐ ടി.ഉത്തംദാസ്, എസ്.ഐ. കെ.ആർ. ബിജു, സി.പി.ഒ. ദിനിൽ എന്നിവരുടെ നേതൃത്വത്തിൽ ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിലെ എസ്.ബി.ഐ എ.ടി.എമ്മിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. കവർച്ച നടത്തിയ രീതികളെ കുറിച്ച് പ്രതികൾ പൊലീസിനോട് വിവരിച്ചു.

ഒക്ടോബർ പന്ത്രണ്ട് പുലർച്ചെ ഇരുമ്പനത്ത് പിക്കപ്പ് വാനിൽ എത്തിയ ഹനീഫ്, നസീം, പപ്പി എന്നിവർ വാഹനം എ.ടി.എമ്മിന് മുമ്പിൽ പാർക്ക് ചെയ്ത ശേഷം ഹനീഫും, നസീമും എ.ടി.എമ്മിന് അകത്തു പ്രവേശിക്കുകയായിരുന്നു. എ.ടി.എമ്മിന് അകത്ത് കയറിയ നസീം ആദ്യം സി.സി. ടി.വി കാമറ സ്‌പ്രേ ചെയ്ത് മറച്ചു. പിന്നീട് കട്ടിങ്ങിൽ വിദഗ്ധനായ ഹനീഫ് എ.ടി.എം മെഷീൻ കട്ട് ചെയ്യുകയും തീ പടരാതിരിക്കാൻ നസീം വെള്ളം ഒഴിച്ച് കൊടുക്കുകയും ചെയ്തു.

എ.ടി.എം തകർത്ത ശേഷം അകത്ത് കയറിയ പപ്പി പണത്തിന്റെ അഞ്ചു ബോക്സുകൾ കവർന്നു. ശേഷം സംഘം എയർപോർട്ട് - സീപോർട്ട് റോഡിലൂടെ പിക്കപ്പ് വാനുമായി കടന്നു. നാട്ടിൽ നിന്നും ലോറിയിൽ വന്ന മറ്റു പ്രതികൾ ഇവരെ അനുഗമിച്ചിരുന്നതായും ഇവർ പോലീസിനോട് പറഞ്ഞു. പ്രതികൾ വഴിയിൽ പലയിടങ്ങളിലായി ഉപേക്ഷിച്ച അഞ്ചു ലക്ഷം രൂപ അടങ്ങുന്ന അഞ്ചു പെട്ടികളിൽ രണ്ടെണ്ണം കണ്ടെത്തിയതായി തൃപ്പൂണിത്തുറ സി.ഐ. ടി.ഉത്തംദാസ് പറഞ്ഞു. പിടിയിലായ പ്രതികളിൽ പ്രധാന പ്രതിയായ പപ്പി മറ്റൊരു എ.ടി.എം കവർച്ചയിൽ ഡൽഹിയിൽ തീഹാർ ജയിലിലാണ്.

പപ്പിയെ ഇന്നലെ കേരളത്തിൽ എത്തിക്കുമെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ ഡൽഹി കവർച്ച കേസിന്റെ അന്വേഷണം നടക്കുന്നതിനാലാണ് ഇന്നലെ പപ്പിയെ എത്തിക്കാൻ സാധിക്കാഞ്ഞതെന്നും എന്നാൽ വൈകാതെ ഇയാളെ കേരളത്തിൽ എത്തിക്കുമെന്നും സി.ഐ പറഞ്ഞു. തെളിവെടുപ്പിന് ശേഷം പ്രതികളെ കാക്കനാട് സബ്‌ ജയിലിലേക്ക് മാറ്റി.