pressclub
കൊല്ലം പ്രസ്ക്ളബ്

കൊല്ലം: നിർഭയ പത്രപ്രവർത്തനത്തെ ജീവിതത്തിലൂടെ അടയാളപ്പെടുത്തിയ സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ സ്‌മാരകമായി കൊല്ലത്തെ മാദ്ധ്യമ പ്രവർത്തകർ പടുത്തുയർത്തിയ കൊല്ലം പ്രസ് ക്ലബിന് അമ്പതാണ്ടിന്റെ തിളക്കം. പ്രസ് ക്ലബിന്റെ ഒരു വർഷം നീളുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഡിസംബർ ഒന്നിന് ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിൽ ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡു തിരിതെളിക്കും.

ഗവർണർ ജസ്റ്റിസ് പി. സദാശിവം, മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ തുടങ്ങിയവർ പങ്കെടുക്കും. അമ്പത് സംവത്സരങ്ങൾക്കിപ്പുറം കൊല്ലത്തിന്റെ രാഷ്‌ട്രീയവും തൊഴിലും ജീവിതവും സംസ്കാരവും വിനോദവും ഉൾപ്പെടെ ദിനവൃത്താന്തങ്ങളെ രൂപപ്പെടുത്തുന്ന സജീവ ചർച്ചാകേന്ദ്രമായി പ്രസ് ക്ലബ്ബ് മാറി.

കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ ഘടകത്തിന് ആസ്ഥാനം നിർമ്മിക്കാൻ കൊല്ലത്തെ കശുഅണ്ടി തൊഴിലാളികളും മുന്നിട്ടിറങ്ങി. ഒരു രൂപ വീതം നൽകിയാണ് തൊഴിലാളികൾ അന്ന് സ്നേഹവും പിന്തുണയും അറിയിച്ചത്. കൊല്ലം നഗരസഭാ അദ്ധ്യക്ഷനായിരുന്ന ടി.കെ. ദിവാകരൻ 1965 ലാണ് പ്രസ് ക്ലബിനുള്ള സ്ഥലം കണ്ടെത്തിയത്. ക്ലബ് പ്രവർത്തന സജ്ജമാകുന്നത് വരെ ചിന്നക്കട റസ്റ്റ് ഹൗസ് കേന്ദ്രീകരിച്ചായിരുന്നു മാദ്ധ്യമ കൂട്ടായ്മ. 1969 ഫെബ്രുവരി 22ന് ജസ്റ്റിസ് വി.ആർ.കൃഷ്‌ണയ്യർ ശിലാസ്ഥാപനം നടത്തി. 1970 ൽ ഭൂമിക്ക് പട്ടയം നൽകിയ സി.അച്യുതമേനോൻ സർക്കാർ ക്ലബിന്റെ നിർമ്മാണത്തിനായി 25000 രൂപയും അനുവദിച്ചു. 1972ൽ നിർമ്മാണം പൂർത്തിയാക്കുമ്പോൾ സംസ്ഥാനത്തെ രണ്ടാമത്തെ പ്രസ് ക്ലബ് മന്ദിരമായിരുന്നു കൊല്ലത്തേത്.

കൊല്ലത്തെ തലമുതിർന്ന പത്രപ്രവർത്തകരായ വി. ലക്ഷ്മണൻ, പി.കെ. തമ്പി, എൻ. ജനാർദ്ദനൻപിള്ള എന്നിവരുടെ വിശ്രമമില്ലാത്ത അദ്ധ്വാനത്തിന്റെ ഫലശ്രുതി ആയിരുന്നു അന്നത്തെ രണ്ടുനില മന്ദിരം. സി.ആർ.രാമചന്ദ്രൻ ഒരു പതിറ്റാണ്ട് കാലം തുടർച്ചയായി കേരള പത്രപ്രവർത്തക യൂണിയന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. മുഖ്യമന്ത്രി ആയിരുന്ന സി. അച്യുതമേനോന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ. ഗോവിന്ദപ്പിള്ള ഉൾപ്പെടെ കൊല്ലത്തിന്റെ മാദ്ധ്യമപ്രവർത്തന പാരമ്പര്യത്തെ ലോക ശ്രദ്ധയിലേക്കെത്തിച്ചവർ അനവധിയാണ്. വിവിധ മാദ്ധ്യമ സ്ഥാപനങ്ങളിലെ പ്രതിഭാശാലികളാണ് എക്കാലവും കൊല്ലം പ്രസ് ക്ലബിന്റെ നേതൃത്വത്തിലെത്തിയത്.

പ്രസ് ക്ലബ് പ്രസിഡന്റ് ജയചന്ദ്രൻ ഇലങ്കത്ത്, സെക്രട്ടറി ജി. ബിജു, മുൻ പ്രസിഡന്റും പത്രപ്രവർത്തകയൂണിയൻ സംസ്ഥാന കമ്മിറ്റിയംഗവുമായ സി. വിമൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ക്ളബ് ഒരുങ്ങുന്നത്.