pattathanam3
തകർന്ന് വെള്ളക്കെട്ടായി മാറിയ ഇക്ബാൽ നഗർ - സ്വർഗമുക്ക് റോഡ്

കൊട്ടിയം: പത്ത് വർഷത്തിലധികമായി തകർന്ന് കിടക്കുന്ന ഇക്ബാൽ നഗർ - സ്വർഗമുക്ക് റോഡ് നാട്ടുകാരുടെ നടുവൊടിക്കുന്നു. ജനത്തിരക്കേറിയ റോഡിന്റെ അവസ്ഥയെക്കുറിച്ച് പല തവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കോർപ്പറേഷൻ മണക്കാട് ഡിവിഷനിൽ ഉൾപ്പെട്ട ഈ പാതയിലൂടെ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.

മഴപെയ്താൽ ഇവിടെ ചെളിക്കുളമാണ്. വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്തതാണ് പ്രശ്നത്തിന് കാരണം. മെറ്റൽ ഇളകി അഗാധ ഗർത്തമായ റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമാണ്. കുഴികളുടെ ആഴമറിയാതെ അപകടത്തിൽപ്പെടുന്നവരിലേറെയും ഇരുചക്രവാഹന യാത്രികരാണ്. കാൽനടയാത്രികർക്കും റോഡ് ദുരിതം മാത്രമാണ് സമ്മാനിക്കുന്നത്. ഓട്ടോറിക്ഷകളും ഇതുവഴി സർവീസ് നടത്താൻ മടിക്കുന്നു.ആശുപത്രിക്കേസുകൾക്കുപോലും വാഹനം ലഭിക്കാതെ വലയുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.

പുളിയത്ത് മുക്ക്, അയത്തിൽ പള്ളിമുക്ക്, മേടയിൽ മുക്ക്, തട്ടാമല, പാലത്ത്, മയ്യനാട്, കൊട്ടിയം, ചിന്നക്കട ,ഇരവിപുരം, പോളയത്തോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് വേഗത്തിൽ എത്താൻ സാധിക്കുന്ന റോഡിനാണ് ഈ ദുരവസ്ഥ. പള്ളിമുക്ക് ചന്ത, വടക്കേവിള വില്ലേജ് ഓഫീസ്, രണ്ട് അംഗൻവാടികൾ, കൊല്ലം കോർപ്പറേഷന്റെ ആയുർവേദ ഡിസ്പെൻസറി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകാനും ഈ പാതയാണ് ആശ്രയം.

അയത്തിൽ വി.വി.വി.എച്ച്.എസ്, പഴയാറ്റിൻകുഴി വിമലഹൃദയ ഐ.സി.എസ്.പി സ്കൂൾ. ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂൾ, വിമലഹൃദയ ഗേൾസ് ഹൈസ്കൂൾ, ബാലിക മറിയം എൽ.പി സ്കൂൾ, പട്ടത്താനം ഗവ.എസ്.എൻ.ഡി.പി സ്കൂൾ, ദേവീവിലാസം സ്കൂൾ, നീലഴികം തയ്ക്കാവ് എന്നിവടങ്ങളിലേക്കുള്ള വിദ്യാർത്ഥികളും റോഡ് തകർന്നതോടെ ദുരിതക്കയത്തിലായി. റോഡ് പുനർ നിർമ്മിക്കുന്നതിനോടൊപ്പം ഓടയും സ്ഥാപിച്ചാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ. പഴയ ടെലഫോൺ എക്സ്ചേഞ്ചിനോട് ചേർന്നുള്ള റോഡിൽ നിന്ന് കൂറ്റാത്ത് വിള ലക്ഷം വീട് കോളനിയിലൂടെ കടന്ന് പോകുന്ന ഓടയിലേയ്ക്ക് ബന്ധിപ്പിക്കുന്ന തരത്തിൽ ഓട നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡ് സഞ്ചാരയോഗ്യമാക്കണം

ഇക്ബാൽ നഗർ-സ്വർഗമുക്ക് റോഡിന്റെ അവസ്ഥ ദയനീയമാണ്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നത് വർഷങ്ങളായിട്ടുള്ള ജനങ്ങളുടെ ആവശ്യമാണിത്. പക്ഷേ നാളിതുവരെയും ഒരു പരിഹാരവും കണ്ടില്ല. ഇനിയും എത്ര നാൾ കാത്തിരിക്കണം. സ്ഥലം എം.എൽ.എ റോഡിന്റെ വികസനത്തിന് മുൻകൈ എടുക്കണം.
(എ.ഷാണ്മധരൻ, സെക്രട്ടറി എസ്.എൻ.ഡി.പി യോഗം വടക്കേവിള 5240-ാം നമ്പർ ശാഖാ സെക്രട്ടറി)

അടിയന്തര ശ്രദ്ധ പതിയണം

ചെളിക്കെട്ടിൽ കുട്ടികൾ വീഴുന്നു. മഴ പെയ്താൽ വെള്ളം ഒഴുകി പോകാൻ ഒരു മാർഗവുമില്ല. മാസങ്ങളോളം ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നു. വർഷങ്ങളായി ഇതിന്റെ ദുരിതം അനുഭവിക്കുകയാണ് ജനങ്ങൾ. ഓട നിർമ്മിക്കാൻ അടിയന്തിര ശ്രദ്ധ പതിയണം.
(എൽ.സാജൻ ഗോകുലം, നെഹ്രു നഗർ, വടക്കേവിള)

ദുരിതം ഏറുന്നു

റോഡിന്റെ ശോച്യാവസ്ഥ കാരണം രോഗികളും കുട്ടികളും വലയുന്നു. മണക്കാട് ഡിവിഷനിലെ ഏറ്റവും മോശപ്പെട്ട റോഡാണ് ഇത്. കോർപ്പറേഷൻ ഒരു പരിഗണനയും ഈ റോഡിന്റെ വികസനത്തിന് നൽകുന്നില്ല. വഴിവിളക്കുകളും കത്തുന്നില്ല. വിഷയത്തിൽ അടിയന്തര നടപടി വേണം

(സി.വിജയൻ ബിജു ഭവനം, വടക്കേവിള ശാഖാ കമ്മിറ്റി അംഗം)