അഞ്ചാലുംമൂട്: അഞ്ചാലുംമൂട് ജംഗ്ഷനിലെ ഒഴുക്ക് നിലച്ച ഓടകളിൽ കെട്ടിനിൽക്കുന്ന മാലിന്യം നീക്കാൻ നടപടിയില്ല. കൊല്ലം - തേനി ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഓട നവീകരിച്ചപ്പോഴും അഞ്ചാലുംമൂട് ജംഗ്ഷനിലെ ഓട വൃത്തിയാക്കിയില്ല.
രണ്ട് പതിറ്റാണ്ടിലധികമായി ഇവിടെ മാലിന്യം കെട്ടിനിൽക്കുകയാണ്. റോഡിന്റെ അടിഭാഗത്തായതിനാൽ പുറമെ നിന്ന് കാണാൻ കഴിയില്ല. റോഡ് പൊളിക്കാതെ ഓട വൃത്തിയാക്കാൻ വിദഗ്ദ്ധ തൊഴിലാളികളുടെ സേവനം ആവശ്യമാണ്. ജംഗ്ഷനിലെ മാലിന്യ കൂമ്പാരം നീക്കം ചെയ്താൽ മാത്രമേ ഓടകളിലൂടെ മലിന ജലം ഒഴുകിപ്പോകൂ.
ഒരാൾക്ക് ഇറങ്ങി നിന്ന് വൃത്തിയാക്കുന്ന തരത്തിൽ റോഡിന് കുറുകെയുള്ള ഓടയ്ക്ക് വിസ്തൃതി ഉണ്ടെന്നാണ് അധികൃതർ പറയുന്നത്. പ്രശ്നം കോർപ്പറേഷൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നാളിതുവരെ പരിഹാരമുണ്ടായിട്ടില്ല.
പൊളിഞ്ഞ ഓട പുനർ നിർമ്മിക്കുന്നു
ജംഗ്ഷനിൽ ഏറെക്കാലമായി പൊളിഞ്ഞുകിടന്നിരുന്ന ഓടയുടെ ഭാഗം പുനർ നിർമ്മാണം തുടങ്ങി. കൊല്ലം- തേനി പാതയുടെ ഭാഗത്തെ 45 മീറ്റർ ദൂരമാണ് തീർത്തും തകർന്ന് കിടന്നിരുന്നത്. ഓട ശുചീകരണത്തിന് മേൽമൂടികൾ നീക്കം ചെയ്തപ്പോൾ സ്ളാബുകൾ തകർന്നിരുന്നു. തകർന്ന മേൽമൂടികൾ റോഡുവക്കിൽ ഉപേക്ഷിച്ച് ഓട ശുചീകരണം നിറുത്തി അധികൃതർ പിൻവാങ്ങിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
അഞ്ചാലുംമൂട് ഗവ.ഹയർ സെക്കൻഡറി സ്കൂളിനും വൈദ്യുതി ഓഫീസ് ജംഗ്ഷനും ഇടയിലുള്ള തിരക്കേറിയ ഭാഗത്തായിരുന്നു കൂടുതൽ ദുരിതം. ഇതിനുള്ള പരിഹാര നടപടികളാണ് ഇപ്പോൾ തുടങ്ങിയത്. തകർന്നുകിടന്ന ഓടയുടെ പുനർ നിർമ്മാണം പൂർത്തീകരണത്തിന്റെ ഘട്ടത്തിലാണ്. നിർമ്മാണം പൂർത്തിയായാൽ ഉടൻ മേൽമൂടികൾ സ്ഥാപിക്കും. ഓടക വൃത്തിയാക്കുന്ന ജോലി പുനരാരംഭിക്കാനും തീരുമാനമുണ്ട്.
ഓട വൃത്തിയാക്കും
എം.എസ്.ഗോപകുമാർ (കോർപ്പറേഷൻ കൗൺസിലർ)
വളരെക്കാലമായി മാലിന്യം കെട്ടിനിൽക്കുകയാണ് ജംഗ്ഷനിലെ ഓടയിൽ. ടാറിംഗ് ഇളകാതെ, റോഡ് മുറിക്കാതെ മാലിന്യം നീക്കം ചെയ്യണം. അടുത്ത മഴക്കാലത്തിന് മുമ്പായി ഓടയിൽക്കൂടിയുള്ള നീരൊഴുക്ക് സുഗമമാക്കും.