പത്തനാപുരം:ഗ്രാമീണ മേഖലയിലൂടെയുള്ള സർവീസുകൾ നഷ്ടമാണെന്ന് ആരോപിച്ച് പലതും കെ.എസ്.ആർ.ടി.സി നിറുത്തലാക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി.
ലാഭത്തിലായിരുന്ന സർവീസുകൾ പോലും നിറുത്തിയെന്നാണ് നാട്ടുകാരുടെ പരാതി. പത്തനാപുരം, പുനലൂർ, കൊട്ടാരക്കര, അടൂർ, കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് പട്ടാഴി, പുന്നല, കടശേരി, മാങ്കോട്.പാടം. വെള്ളംതെറ്റി. കാര്യറ.കമുകുംചേരി. മുള്ളുമല. പൂമരുതിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് ബുദ്ധിമുട്ടുന്നത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളും തോട്ടം തൊഴിലാളികളും കടുത്ത യാത്രാദുരിതത്തിലാണ്.
മുള്ളുമല. വെള്ളംതെറ്റി.കടശേരി പ്രദേശങ്ങൾ വനമേഖലയോട് ചേർന്നാണ്. വന്യമൃഗശല്യമുള്ള വിജനമായ പാതയിലൂടെ വാഹനമില്ലാത്തതിനാൽ കാൽനടയായി കുട്ടികളെ അയയ്ക്കാൻ രക്ഷിതാക്കൾ ഭയപ്പെടുന്നു . പട്ടാഴി, ആറാട്ടുപുഴ,. കമുകുംചേരി, കടശേരി.മാങ്കോട് എന്നിവിടങ്ങളിൽ രാത്രി എത്തി വെളുപ്പിന് പത്തനാപുരം. കൊട്ടാരക്കര. പുനലൂർ അടൂർ ഭാഗങ്ങളിലേക്ക് ഉണ്ടായിരുന്ന ബസുകൾ നിറുത്തലാക്കിയത് കാർഷിക വിളകളുമായി ചന്തകളിൽ പോകേണ്ട കർഷകരെ ബുദ്ധിമുട്ടിലാക്കി. പാടം. പട്ടാഴി.അച്ചൻകോവിൽ. തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് രാവിലെ ഉണ്ടായിരുന്ന തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ നിറുത്തലാക്കിയതും പ്രതിസന്ധി സൃഷ്ടിക്കുന്നു. മാലൂർ സെന്റ് സ്റ്റീഫൻസ് കോളേജിലേക്ക് ആവശ്യത്തിന് സർവീസ് ഇല്ലാത്തതും ഉണ്ടായിരുന്നത് വെട്ടിക്കുറച്ചതും സ്വകാര്യ ബസുകളോ സമാന്തര സർവീസുകളോ ഇല്ലാത്തതും മൂലം വിദ്യാർത്ഥികൾ കിലോമീറ്ററുകൾ നടക്കേണ്ട സ്ഥിതിയാണ്. കൊട്ടാരക്കര. പുനലൂർ.അടൂർ ഡിപ്പോകളിൽ നിന്ന് രാത്രി 9 മണിക്ക് ശേഷം പത്തനാപുരത്തേക്ക് ബസ് ഇല്ലാത്തത് യാത്രാദുരിതം രൂക്ഷമാക്കി .. കെ.ബി ഗണേഷ് കുമാർ എം.എൽ.എ ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ആയിരുന്നപ്പോൾ ഗ്രാമീണ മേഖലകളിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും തുടങ്ങിയ സർവീസുകളിൽ മിക്കതുമാണ് ഇപ്പോൾ വെട്ടിക്കുറച്ചത്.