ഓച്ചിറ: പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം. ക്ഷേത്ര ഭരണസമതി പ്രസിഡന്റ് പ്രൊഫ. എ.ശ്രീധരൻപിള്ള ഹിന്ദുമത കൺവെൻഷന് പതാക ഉയർത്തി. ഇന്ന് വൈകിട്ട് 3ന് ചേരുന്ന പൊതുസമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആർ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. രക്ഷാധികാരി എം.സി. അനിൽകുമാർ, വൈസ് പ്രസിഡന്റ് ആർ.ഡി. പത്മകുമാർ, കാര്യനിർവഹണസമതി അംഗങ്ങൾ തുടങ്ങിയവർ സംസാരിക്കും. ക്ഷേത്ര ഭരണസമിതി സെക്രട്ടറി അഡ്വ. കെ.ഗോപിനാഥൻ സ്വാഗതം പറയും.
തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ മന്ത്രിമാർ, സാംസ്കാരിക നായകർ, ജനപ്രതിനിധികൾ, മതമേലദ്ധ്യക്ഷ്യന്മാർ തുടങ്ങിയവർ പങ്കെടുക്കും. 27ന് ചേരുന്ന സമാപനസമ്മേളനം മുൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായർ ഉദ്ഘാടനം ചെയ്യും. ആടൂർ പ്രകാശ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
പരബ്രഹ്മ പുരസ്കാരത്തിന് വേണ്ടിയുള്ള നാടകമത്സരം, കലാപരിപാടികൾ, വാണിജ്യമേളകൾ, എക്സിബിഷനുകൾ തുടങ്ങിയവും ഉണ്ടായിരിക്കും.
ഭക്തജനങ്ങൾക്ക് ഭജനം പാർക്കാൻ ആയിരത്തോളം കുടിലുകളിലും ഓംകാരം സത്രം, ഗസ്റ്റ് ഹൗസ്, പഴയസത്രം എന്നിവ ഭക്തജനങ്ങൾക്കായി തയ്യാറായി. പൊലീസ്, കെ.എസ്.ആർ.ടി.സി, വൈദ്യുതി തുടങ്ങി വിവിധ സർക്കാർ വകുപ്പുകളെ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ ജില്ലാഅധികാരികളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടക്കും. ഇത്തവണത്തെ ഉത്സവം പ്ളാസ്റ്റിക് രഹിതമാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് സെക്രട്ടറി അഡ്വ. കെ.ഗോപിനാഥൻ, പ്രസിഡന്റ് പ്രൊഫ. എ.ശ്രീധരൻപിള്ള, രക്ഷാധികാരി എം.സി.അനിൽകുമാർ, വൈസ് പ്രസിഡന്റ് ആർ.ഡി.പത്മകുമാർ എന്നിവർ അറിയിച്ചു.