കൊല്ലം: കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നചലച്ചിത്ര നടൻ ടി.പി. മാധവന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തീവ്ര പരിചരണ വിഭാഗത്തിലാണ് .
2016 ഫെബ്രുവരി മുതൽ പത്തനാപുരം ഗാന്ധിഭവനിലാണ് കഴിയുന്നത്. അഭിനയ രംഗത്ത് സജീവമായിരിക്കെ ആരോഗ്യനില മോശമായപ്പോൾ ശിഷ്ടജീവിതം ഹരിദ്വാറിൽ ആകണമെന്ന ആഗ്രഹത്താൽ പുറപ്പെട്ട അദ്ദേഹം 2015 ഒക്ടോബറിൽ ഹരിദ്വാറിൽ കുഴഞ്ഞുവീണ് പരിക്കേറ്റു. തുടർന്നാണ് ഗാന്ധിഭവനിലെത്തിയത്. രണ്ട് ദിവസം മുൻപ് പ്രമേഹവും രക്തസമ്മർദ്ദവും കൂടിയതിനെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
കേരള സർവകലാശാലയിൽ ഡീൻ ആയിരുന്ന തിരുവനന്തപുരം സ്വദേശി എൻ.പി. പിള്ളയുടെയും സരസ്വതിഅമ്മയുടെയും മൂത്തമകനാണ്. 40-ാം വയസിലാണ് സിനിമാലോകത്ത് എത്തിയത്. മറ്റ് ഭാഷാ ചിത്രങ്ങളിലടക്കം അറുനൂറിൽപ്പരം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തു.