കൊല്ലം: കേരളത്തിൽ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ബി.ഡി.ജെ.എസിനെ പ്രത്യാശയോടെയാണ് നോക്കുന്നതെന്ന് സംസ്ഥാന ചെയർമാൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ദശാബ്ദങ്ങളായി കേരളത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കൊപ്പം ബി.ഡി.ജെ.എസും എത്തിയത് ഇതിന് തെളിവാണെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.
ബി.ഡി.ജെ.എസ് ജില്ലാ നേതൃത്വക്യാമ്പ് കൊല്ലം മംഗല്യ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ 60 വർഷത്തെ ജനാധിപത്യം മതാധിപത്യമായി മാറി. സാമൂഹികനീതി ലഭിക്കാതിരുന്ന സമൂഹത്തിന് അത് നേടിയെടുക്കാനുള്ള ശ്രമമാണ് ബി.ഡി.ജെ.എസ് നടത്തുന്നത്. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ കൂട്ടായ്മയാണെന്നും അദ്ദേഹം പറഞ്ഞു. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പാർട്ടിയുടെ ജില്ലയിലെ പ്രവർത്തനം സജീവവും വിപുലവുമാക്കാൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു. ഇതിനായി ബൂത്ത്തലം വരെ കമ്മിറ്റികൾ വിപുലീകരിക്കാനും തീരുമാനിച്ചു.
ജില്ലാ ചെയർമാൻ എ. സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.ടി. മന്മഥൻ, സുനിൽ മുണ്ടപ്പിള്ളി, ട്രഷറർ പച്ചയിൽ സന്ദീപ്, നേതാക്കളായ കാരയിൽ അനീഷ്, അഡ്വ. സംഗീത വിശ്വനാഥൻ, അഡ്വ. സജികുമാർ, ശശാങ്കൻ, ഏരൂർ സുനിൽ, സുഗതൻ ചാത്തന്നൂർ, കെ.ആർ. വിദ്യാധരൻ, ഷിബു, പ്രിൻസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.