കൊല്ലം: കുട്ടികളുടെ സൈബർ സുരക്ഷയ്ക്കായി അബുദാബി കിരീടാവകാശിയുടെ രക്ഷാകർത്തൃത്വത്തിൽ രൂപീകരിച്ച ആഗോള കൂട്ടായ്മയിലേക്ക് മാതാ അമൃതാനന്ദമയിയെ അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ക്ഷണിച്ചു. ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ മാന്യത സംരക്ഷിക്കേണ്ടതിനെക്കുറിച്ച് ചർച്ച ചെയ്യാൻ അബുദാബിയിൽ 19, 20 തീയതികളിൽ നടക്കുന്ന വിവിധ മതാദ്ധ്യക്ഷരുടെയും ആദ്ധ്യാത്മിക ആചാര്യന്മാരുടെയും യോഗത്തിലേക്കാണ് ക്ഷണം.
സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് യുവസമൂഹത്തെ തടയാനുള്ള ശാശ്വത മാർഗങ്ങൾ തേടാൻ ചേരുന്ന സമ്മേളനത്തിൽ വിവിധ മതാചാര്യന്മാർ, സൈബർ വിദഗ്ദ്ധർ, എൻ.ജി.ഒകളുടെയും സ്ഥാപനങ്ങളുടെയും മേധാവികൾ തുടങ്ങി 450 വിശിഷ്ടാതിഥികൾ പങ്കെടുക്കും. തിരഞ്ഞെടുക്കപ്പെട്ട മതനേതാക്കളോടൊപ്പം ബാലാവകാശ സംരക്ഷണത്തിനായുള്ള 'അബുദാബി അന്തർമത ഉടമ്പടി"യിൽ മാതാ അമൃതാനന്ദമയി ഒപ്പുവയ്ക്കുകയും സദസിനെ അഭിസംബോധന ചെയ്യുകയും ചെയ്യുമെന്ന് മാതാ അമൃതാനന്ദമയിമഠം ഉപാദ്ധ്യക്ഷൻ സ്വാമി അമൃതസ്വരൂപാനന്ദ പുരി അറിയിച്ചു.
'ഡിജിറ്റൽ ലോകത്തെ കുട്ടികളുടെ മാന്യത" എന്ന വിഷയത്തിൽ കഴിഞ്ഞവർഷം വത്തിക്കാനിൽ നടന്ന ലോകസമ്മേളനത്തിന്റെ തുടർച്ചയാണ് അന്തർമത കൂട്ടായ്മ.