കൊല്ലം: പ്രളയാനന്തര കേരളത്തിലെ കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിന് 700 കോടി രൂപയുടെ പുനർജ്ജനി പദ്ധതി സഹായകമാകുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. പദ്ധതിയുടെ ഭാഗമായ കർമ്മപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കരവാളൂർ പഞ്ചായത്തിലെ അടുക്കളമൂല ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക വികസന കർഷകക്ഷേമ വകുപ്പ് വഴി നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്കായി ജില്ലക്ക് മൂന്ന് കോടി രൂപ നൽകും. ഗുണമേൻമയുള്ള വിത്തിനങ്ങളും തൈകളും ഉത്പാദിപ്പിച്ച് കർഷകർക്ക് നൽകി കാർഷിക അഭിവൃദ്ധി ഉറപ്പാക്കും.
മൃഗസംരക്ഷണ മേഖലയിൽ 200 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. പശുക്കൾ നഷ്ടപ്പെട്ടവർക്ക് 30000 രൂപയാണ് നഷ്ടപരിഹാരം അനുവദിച്ചത്. പകരം പശുവിനെ വാങ്ങുന്നവർക്ക് 60000 രൂപ നൽകുന്നത് പരിഗണനയിലാണ്.
പ്രളയ ദുരിതബാധിതരായ കർഷകർക്ക് ബാങ്കിലെ കടം വീട്ടുന്നതിന് ഒരു വർഷത്തെ സാവകാശം ഉറപ്പാക്കും. ഇക്കാലയളവിൽ ജപ്തി നടപടികളും നിറുത്തിവയ്ക്കും. പ്രകൃതിദുരന്തത്തിൽ തകർന്ന റോഡുകളും പാലങ്ങളും കലുങ്കുകളും വീടുകളുമൊക്കെ പുനർനിർമ്മാണഘട്ടത്തിലാണ്. പുതിയ കേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
കരവാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ടിഷ്യു കൾച്ചർ വാഴത്തൈ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി നിർവഹിച്ചു. പച്ചക്കറി തൈ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാലും കശുമാവ് തൈ വിതരണം കശുഅണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനും മൈക്രോ ന്യൂട്രിയന്റ് കിറ്റിന്റെ വിതരണം ക്വയിലോൺ കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ ചെയർമാൻ ജോർജ് മാത്യുവും ഉദ്ഘാടനം ചെയ്തു.
അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, വിവിധ ഗ്രാമ പഞ്ചായത്തുകളുടെ പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷിനേതാക്കൾ, പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.എച്ച്. നജീബ്, ഡെപ്യൂട്ടി ഡയറക്ടർമാരായ വി. തേജസ്വിഭായി, വി. അനിതാമണി, വി. ജയ, അസിസ്റ്റന്റ് ഡയറക്ടർ കെ. കുരികേശു തുടങ്ങിയവർ പങ്കെടുത്തു.