കൊല്ലം: സംസ്ഥാനത്ത് പ്രളയത്തെ അതിജീവിക്കുന്ന വിധത്തിൽ രൂപകല്പന ചെയ്ത റോഡുകൾ നിർമിക്കുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. പുനലൂർ ടി.ബി. ജംഗ്ഷനിൽ മലയോര ഹൈവേ നിർമ്മാണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഒരോ നിയോജകമണ്ഡലത്തിലും ഇത്തരം 50 റോഡുകളെങ്കിലും നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം എല്ലാ റോഡുകളുടേയും ആധുനീകരണവും ഉറപ്പാക്കും.
ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ആവശ്യമായ 5000 കോടി രൂപ കണ്ടെത്താനുള്ള ശ്രമത്തിലാണ് സർക്കാർ. തുക ലഭ്യമാക്കുന്ന മുറയ്ക്ക് രണ്ടര ലക്ഷം കിലോമീറ്റർ റോഡുകളുടെ നവീകരണം സാദ്ധ്യമാകും.
സംസ്ഥാനത്തിന്റെ പണം വിനിയോഗിച്ച് നിർമ്മിക്കുന്ന മലയോര തീരദേശ ഹൈവേകൾ സമയബന്ധിതമായി പൂർത്തിയാക്കും. കേന്ദ്ര സർക്കാർ സഹകരിക്കുകയാണങ്കിൽ 2020ൽ ദേശീയപാത നാലു വരിയാക്കി വികസിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
നാലായിരം കോടിയിലധികം രൂപയുടെ റോഡ് നിർമാണ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ. രാജു പറഞ്ഞു. പുനലൂർ മണ്ഡലത്തിൽ മാത്രം 600 കോടി രൂപയുടെ പ്രവർത്തനം തുടരുകയാണന്നും അദ്ദേഹം വ്യക്തമാക്കി.
പുനലൂർ നഗരസഭാ ചെയർമാൻ എം.എ. രാജഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ രഞ്ജു സുരേഷ്, അരുണാദേവി, കശുഅണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ, ചീഫ് എൻജിനിയർ വി.വി. ബിനു, എക്സിക്യൂട്ടീവ് എൻജിനിയർ ഡി. സാജൻ തുടങ്ങിയവർ പങ്കെടുത്തു.