കരുനാഗപ്പള്ളി: അവകാശങ്ങൾ നിഷേധിക്കപ്പെട്ട സമുദായങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയ കർമ്മയോഗിയായ സന്ന്യാസിവര്യനായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് ആർ.രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ ആരംഭിച്ച ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മതാന്ധതയിൽ അമർന്നുകിടന്ന കേരളത്തിൽ മാറ്റത്തിന്റെ കൊടുങ്കാറ്റുയർത്തിയ വിപ്ലവകാരിയായിരുന്നു ശ്രീനാരായണഗുരു. ഗുരുവിന്റെ ചിന്തയും കണ്ടെത്തലുകളും ദർശനങ്ങളും സമൂഹത്തിന്റെ താഴെത്തട്ടിൽ വരെ പ്രചരിപ്പിക്കാൻ ശ്രീനാരായണീയ പ്രസ്ഥാനങ്ങൾക്ക് കഴിയണം. വർത്തമാന കാലഘട്ടത്തിൽ ശ്രീനാരായണ ദർശനങ്ങളുടെ പ്രസക്തി ഏറുകയാണ്. അന്ധകാരത്തിൽ അമർന്ന ജനവിഭാഗത്തിന് വിജ്ഞാനത്തിന്റെ വെള്ളിച്ചം പകരാൻ നിതാന്ത ജാഗ്രത പുലർത്തിയ മഹാഗുരുവായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പന്ത്രണ്ടുനാൾ നീണ്ടുനിൽക്കുന്ന ശ്രീനാരായണ ധർമ്മപ്രചാരണത്തിന്റെ ഭദ്രദീപ പ്രകാശനവും എം.എൽ.എ നിർവഹിച്ചു. അമൃതേശ്വരി ജുവലറി ഉടമ എ. ജയന്തകുമാർ മുഖ്യാതിഥിയായിരുന്നു. യോഗത്തിൽ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ കെ.പി.രാജൻ, കെ.ജെ.പ്രസേനൻ, കെ.ആർ.വിദ്യാധരൻ, യൂണിയൻ കൗൺസിലർമാരായ കള്ളേത്ത് ഗോപി, എല്ലയ്യത്ത് ചന്ദ്രൻ, എം..ചന്ദ്രൻ, ബി.കമലൻ, എസ്.സലിംകുമാർ, ക്ലാപ്പന ഷിബു, കുന്നേൽ രാജേന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് രമണി, സെക്രട്ടറി മധുകുമാരി, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് നീലികുളം ഷിബു, സെക്രട്ടറി ടി.ഡി.ശരത്ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറഞ്ഞു.