photo
ശബരിമല കമ്മസമിതി കരുനാഗപ്പള്ളി ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം.

കരുനാഗപ്പള്ളി: ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ കരുനാഗപ്പള്ളിയിൽ പൂർണം. പുത്തൻതെരുവ് ജംഗ്ഷനിൽ രാവിലെ കട അടപ്പിക്കാൻ ചെന്ന ഹർത്താൽ അനുകൂലികളും എതിർവിഭാഗവും തമ്മിലുള്ള സംഘട്ടനത്തിൽ 5 ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റു. ക്ലാപ്പന തണ്ടാശേരിൽ ബൈജു (37),​ കല്ലേശേരിൽ പടീറ്റതിൽ ചിക്കു (22),​ ഭൂതംകണ്ണാടി കിഴക്കതിൽ കണ്ണൻ (29),​ തുപ്പാശേരിൽ മണ്ണേൽ അക്ഷയ്( 24),​ പാട്ടത്തിൽ അനിൽകുമാർ (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8 മണിക്കായിരുന്നു ആദ്യ സംഭവം. പുത്തൻതെരുവിൽ ഒരു സ്റ്റേഷനറിക്കട തുറന്നിരിക്കുന്നതായി സമരക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. കടയടയ്ക്കണമെന്ന സമരക്കാരുടെ ആവശ്യം കടയുടമ നിരാകരിച്ചതോടെ തർക്കമായി. പൊലീസ് എത്തിയതിനെ തുടർന്ന് സമരക്കാർ പിൻവലിഞ്ഞു. 10 മണിയോടെ കൂടുതൽ പ്രവർത്തകർ ബൈക്കിൽ കടയടപ്പിക്കാൻ എത്തി. കടയുടമയെ അനുകൂലിക്കുന്നവർ കടയുടെ സമീപത്ത് തമ്പടിച്ചിരുന്നു. പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ല. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഭവം അറിഞ്ഞ് സർക്കിൾ ഇൻസ്പെക്ടർ ഷാഫിയുടെ നേതൃത്വത്തിൽ പൊലീസ് എത്തിയതോടെയാണ് സംഘർഷം അവസാനിച്ചത്. തുടർന്ന് സമരക്കാർ കരുനാഗപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പടനായർകുളങ്ങര മഹാദേവർ ക്ഷേത്രത്തിന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി പൊലീസ് സ്റ്റേഷന് വടക്കുവശത്ത് സമാപിച്ചു. കന്നേറ്റി പാലത്തിന് സമീപം വച്ച് സമരാനുകൂലികൾ 4 വാഹനങ്ങളുടെ ചില്ലുകൾ എറിഞ്ഞുതകർത്തു. കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. വാഹനഗതാഗതം നിലച്ചതോടെ സർക്കാർ സ്ഥാപനങ്ങളിൽ ഹാജർനില കുറവായിരുന്നു. ശബരിമല കർമ്മ സമിതി നേതാക്കളായ എ.വിജയൻ, ടി.വി.സനിൽ, ആർ.മോഹനൻ, രാജേഷ്,രാജിരാജ്, ലതാമോഹൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.