അഞ്ചാലുംമൂട്: ഞാങ്കടവ് കുടിവെള്ള പദ്ധതിക്കുവേണ്ടി അടുത്ത ആഴ്ച പുത്തൂർ ഞാങ്കടവിൽ കിണർ നിർമ്മാണം ആരംഭിക്കും. കല്ലടയാറിനോട് ചേർന്ന് ഞാങ്കടവ് പാലത്തിന് സമീപത്തായാണ് കിണർ നിർമ്മിക്കുക. 8 മീറ്റർ ആഴവും തറനിരപ്പിൽ നിന്ന് 5 മീറ്റർ ഉയരവുമുള്ള കിണറാണ് നിർമ്മിക്കേണ്ടത്. ഇതിന് മുന്നോടിയായുള്ള ഭൂമിയൊരുക്കൽ ജോലികൾ ഇന്നലെ ആരംഭിച്ചു.
മഴ മാറിനിൽക്കുന്ന സാഹചര്യം കണക്കിലെടുത്താണ് കിണർ കുഴിച്ചുതുടങ്ങാൻ തീരുമാനിച്ചത്. തുലാവർഷം കനക്കുമെന്ന് കരുതിയാണ് ഇത്രനാളും നിർമ്മാണം നീട്ടിക്കൊണ്ട് പോകുകയായിരുന്നു. ആറ്റുപുറമ്പോക്ക് സ്ഥലമാണ് പദ്ധതിക്കായി അനുവദിച്ചത്. ഇതിനോട് ചേർന്നുള്ള 15 സെന്റ് സ്ഥലം കൂടി വാങ്ങാനും തീരുമാനമുണ്ട്. വാങ്ങുന്ന വസ്തുവുമായി ബന്ധപ്പെട്ട് സാമൂഹ്യാഘാത പഠനം നടത്തിയതിന്റെ അന്തിമ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറി.
ഇതിന്റെ അടിസ്ഥാനത്തിൽ വസ്തുവിന്റെ വില നിർണ്ണയം ഉൾപ്പടെയുള്ള കാര്യങ്ങൾക്കായി പ്രത്യേക കമ്മിറ്റിയെ കളക്ടർ ചുമതലപ്പെടുത്തി. കൊല്ലം കോർപ്പറേഷനും കൊറ്റങ്കര പഞ്ചായത്തിനും കുടിവെള്ളം ലഭിക്കുന്ന തരത്തിലുള്ള ബൃഹത് പദ്ധതിയാണ് ഞാങ്കടവ് കുടിവെള്ള പദ്ധതി. കിഫ്ബിയിലും അമൃത് പദ്ധതിയിലും ഉൾപ്പെടുത്തി 313.35 കോടി രൂപ ചിലവിലാണ് ഞാങ്കടവ് പദ്ധതി നടപ്പാക്കുന്നത്. 100 എം.എൽ.ഡി ശേഷിയുള്ളതാണ് പദ്ധതി.
ഞാങ്കടവിൽ കിണർ നിർമ്മാണം പൂർത്തിയാക്കിയാൽ ഇവിടെ നിന്ന് പൈപ്പ് ലൈൻവഴി കൈതക്കോട്, മുളവന, പള്ളിമുക്ക്, കുണ്ടറ, ഇളമ്പള്ളൂർ, കേരളപുരം, വായനശാല, കുറ്റിച്ചിറ, പുന്തലത്താഴം വഴി വസൂരിച്ചിറയിൽ വെള്ളമെത്തിക്കും. ഇവിടെ സജ്ജമാക്കുന്ന പ്ളാന്റിൽ വെള്ളം ശുദ്ധീകരിച്ച ശേഷമാണ് വിതരണം നടത്തുക. പൈപ്പ് ഇടുന്ന ജോലികൾ പുരോഗമിക്കുകയാണ്. സെപ്തംബർ 18ന് ഇതിന്റെ ജോലികൾ തുടങ്ങിയിരുന്നു. രണ്ട് വർഷംകൊണ്ട് മാത്രമേ 28 കിലോ മീറ്റർ ദൂരത്തിൽ പൂർണ്ണമായും പൈപ്പ് ഇടൽ ജോലികൾ പൂർത്തിയാവുകയുള്ളൂ.