കൊട്ടിയം: ഹർത്താലിനോട് അനുബന്ധിച്ച് ദേശീയപാതയിൽ മേവറം ബൈപാസ് ജംഗ്ഷൻ, ഉമയനല്ലൂർ, കണ്ണനല്ലൂർ, മാടൻനട, ചാത്തന്നൂർ എന്നിവിടങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞത് പൊലീസുമായി വാക്കേറ്റത്തിന് കാരണമായി. വാഹനങ്ങൾ തടഞ്ഞവരെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ പ്രവർത്തകരെത്തി തടഞ്ഞു. വിവരമറിഞ്ഞ് ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമെത്തിയാണ് സ്ഥിതിശാന്തമാക്കിയത്. മേവറത്ത് നിന്ന് ദേശീയ പാതയിലൂടെ ബൈക്കിൽ വരികയായിരുന്ന ഹർത്താൽ അനുകൂലികൾ കൊല്ലൂർവിള പള്ളിമുക്കിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ചത് ഒരു സംഘം തടഞ്ഞതും സംഘർഷത്തിലേക്ക് നയിച്ചു.
കൊല്ലം എ.സി.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് കൂട്ടംകൂടി നിന്നവരെ പിരിച്ചുവിട്ടത്. കണ്ണനല്ലൂരിലും വടക്കേമുക്കിലും ഹർത്താൽ അനുകൂലികൾ കടകളും പെട്രോൾ പമ്പുകളും അsപ്പിച്ചു. സർക്കാർ ഓഫീസുകളും ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. മാടൻനട, ഉമയനല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി. ശനിയാഴ്ച പുലർച്ചെ ദേശീയപാതയിൽ പള്ളിമുക്ക് പെട്രോൾ പമ്പിന് സമീപം ബൈക്കിലെത്തിയ സംഘം വാഹനങ്ങൾക് നേരെ കല്ലേറ് നടത്തി.