കൊല്ലം: ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തരെ ദർശനത്തിന് അനുവദിക്കാതെ കസ്റ്റഡിയിലെടുക്കുന്നത് ആചാര ലംഘനവും വിശ്വാസികളുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റവുമാണെന്ന് തന്ത്രവിദ്യാപീഠം രക്ഷാധികരിയും യോഗക്ഷേമ സഭ മുൻ പ്രസിഡന്റുമായ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അഭിപ്രായപ്പെട്ടു. ശബരിമല തീർഥാടകരുടെ പുണ്യവും പവിത്രവുമായ സമർപ്പണമാണ് ഇരുമുടിക്കെട്ട്. വ്രതാനുഷ്ടാനത്തിന്റെ സാഫല്യമായ സ്വാമി ദർശനമാണ് ഇരുമുടിയേന്തിയ ഓരോ ഭക്തന്റെയും ലക്ഷ്യം. അത് തടസപ്പെടുത്തുന്നത് ഭരണഘടനാ ദത്തമായ വിശ്വാസ സംരക്ഷണത്തിന്റെ നഗ്നമായ ലംഘനമാണ്. ആചാര്യമതമനുസരിച്ച് പ്രായച്ഛിത്തവും പരിഹാരക്രിയകളും നടത്തേണ്ട ഒന്നാണിത്.
ശബരിമലയുടെ ചരിത്രത്തിൽ കേട്ടുകേഴ്വിയില്ലാത്ത സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. യാതൊരു അടിസ്ഥാന സൗകര്യവും ഒരുക്കാതെയുള്ള ശബരിമലയിലേക്ക് അതെല്ലാം സഹിച്ച് എത്തുന്ന ഭക്തരോടുള്ള ക്രൂരതയാണ് ഇപ്പോൾ നടക്കുന്നതെന്നും അക്കീരമൺ പറഞ്ഞു.