kattil
കാട്ടിൽ മേക്കതിൽ ശ്രീദേവീ ക്ഷേത്രത്തിലെ വൃശ്ചിക മഹോൽസവം മന്ത്രി തോമസ് ഐസക് ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്യുന്നു

പൊന്മന: പ്രയാസങ്ങളും ദുഃഖങ്ങളും ഇറക്കി വെക്കാനുള്ള ഒരു ആശ്വാസ കേന്ദ്രമാണ് അമ്പലങ്ങളെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കാട്ടിൽ മേക്കതിൽ ശ്രീദേവീക്ഷേത്രത്തിലെ വൃശ്ചികമഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ശ്രീനാരായണ ഗുരുദേവൻ കണ്ണാടി പ്രതിഷ്ഠ നടത്തി പറഞ്ഞത് രണ്ടും രണ്ടെല്ല ഒന്നാണ് എന്നാണ്. ഗുരുവിന്റെ ദർശനത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ധാരാളം ആചാരങ്ങൾ മാറിമറിഞ്ഞു. ഏത് ഗവൺമെന്റ് ആയാലും ജനങ്ങൾക്ക് വിശ്വാസം അനുസരിച്ചു ജീവിക്കാൻ നിയമവിധേയമായ അവകാശമുണ്ട്. ശബരിമലയിലെ തർക്കം വിശ്വാസികൾ തമ്മിലാണെന്നും മന്ത്രി പറഞ്ഞു.

എൻ. വിജയൻപിള്ള എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര യോഗം സെക്രട്ടറി എ. പ്രസന്നകുമാർ സ്വാഗതം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അനിരുദ്ധൻ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, സൂസൻ കോടി, സി.പി.എം ഏരിയാ സെക്രട്ടറി ടി. മനോഹരൻ, പെൻഷണേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ആർ. ഷാജി ശർമ്മ, ഗ്രാമപഞ്ചായത്ത് മെമ്പർ സജിത്ത് രജ്ഞ്, മുൻ പഞ്ചായത്ത് മെമ്പർ കോഞ്ചേരിൽ ഷംസുദ്ദീൻ, യുവജന കമ്മിഷൻ അംഗം തുഷാര ചക്രവർത്തി, ജെ.എസ്.എസ് ജില്ലാ സെക്രട്ടറി അജയൻ എന്നിവർ സംസാരിച്ചു. ക്ഷേത്ര യോഗം വൈസ് പ്രസിഡന്റ് ഓമനകുട്ടൻ നന്ദി പറഞ്ഞു.