nh-uparodham
ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീണ്ടകര പാലത്തിൽ നടത്തിയ ദേശീയ പാത ഉപരോധംസംസ്ഥാന കമ്മിറ്റി അംഗം കിഴക്കേനല സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

ദേശീയപാതയിലും എം.സി റോഡിലും ഗതാഗതം തടസപ്പെട്ടു

കൊല്ലം: ശബരിമല ദർശനത്തിനെത്തിയ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ നിലയ്ക്കലിൽ നിന്ന് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ റോഡ് ഉപരോധം ദേശീയപാതയിലും എം.സി. റോഡിലും ഗതാഗതത്തെ ബാധിച്ചു. ജില്ലയിൽ നീണ്ടകര, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിലായിണ് ഇന്നലെ രാവിലെ റോഡ് ഉപരോധിച്ചത്.
കൊല്ലം കാവനാട് ആൽത്തറമൂട്ടിൽ നിന്ന് രാവിലെ 10.30ന് പ്രവർത്തകർ പ്രകടനമായെത്തിയാണ് നീണ്ടകര പാലത്തിൽ ഉപരോധം നടത്തിയത്. പാലത്തിൽ പൂർണമായും പ്രവർത്തകർ നിറഞ്ഞതോടെ ഒരുമണിക്കൂറോളം ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. ആംബുലൻസുകൾ, ആശുപത്രി ആവശ്യങ്ങൾക്കായെത്തിയ വാഹനങ്ങൾ എന്നിവ മാത്രമാണ് കടത്തി വിട്ടത്.
ഉപരോധം ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് കിഴക്കനേല സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, മണ്ഡലം പ്രസിഡന്റ് ശൈലേന്ദ്രബാബു, ആർ.എസ്.എസ് നേതാക്കളായ സി.കെ. ചന്ദ്രബാബു, വി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിലും ഉപരോധത്തിലും നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.
കരുനാഗപ്പള്ളിയിൽ ദേശീയപാത ഉപരോധം ബി.ജെ.പി ജില്ലാ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടനും കൊട്ടാരക്കരയിൽ എം.സി റോഡ് ഉപരോധം ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥും ഉദ്ഘാടനം ചെയ്തു. മൂന്ന് കേന്ദ്രങ്ങളിലും റോഡ് ഉപരോധിച്ച ബി.ജെ.പി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു.
അറസ്റ്റിലായ കെ.സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലടച്ചെന്ന വിവരമറിഞ്ഞ് രാവിലെ തന്നെ നിരവധി ബി.ജെ.പി പ്രവർത്തകർ കൊട്ടാരക്കര സബ് ജയിലിന് മുന്നിലെത്തിയിരുന്നു. ബി.ജെ.പി നേതാക്കളും പ്രവർത്തകരും ജയിലിനുള്ളിൽ അദ്ദേഹത്തെ കാണാൻ ശ്രമിച്ചെങ്കിലും അവധി ദിവസമായതിനാൽ അനുമതി ലഭിച്ചില്ല.

കെ. സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാത്രി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബി.ജെ.പി പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു.