photo
കൊട്ടാരക്കര റൂറൽ എസ്.പി ഓഫീസിന്റെ ആസ്ഥാന നിർമ്മാണം തുടങ്ങിയപ്പോൾ

കൊല്ലം: കൊട്ടാരക്കര റൂറൽ എസ്.പി ഓഫീസിന് ആസ്ഥാന മന്ദിരം ഒരുങ്ങുന്നു. ആഗസ്റ്റിൽ തുടങ്ങിയ പണികൾ പുരോഗമിക്കുന്നു. തൃക്കണ്ണമംഗൽ ഗാന്ധിമുക്കിന് സമീപം മുമ്പ് താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന കോമ്പൗണ്ടിലാണ് എസ്.പി ഓഫീസിന്റെ ആസ്ഥാനം നിർമ്മിക്കുന്നത്. കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ വകയായിരുന്ന സ്ഥലം പൊലീസിന് വിട്ടുനൽകിയതാണ്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ എസ്.പി ഓഫീസിന് ശിലാസ്ഥാപനം നടത്തിയിരുന്നു. എന്നാൽ തുടർന്നുവന്ന ഇടതുസർക്കാർ ഇവിടെ കെട്ടിടം നിർമ്മിക്കേണ്ടെന്ന നിലപാടെടുത്തു. കൊട്ടാരക്കര ഗവ.ഗേൾസ് ഹൈസ്കൂളിന് സമീപം പൊലീസ് ക്വാർട്ടേഴ്സ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് എസ്.പി ഓഫീസിന് ആസ്ഥാന മന്ദിരം നിർമ്മിക്കാനാണ് പിന്നീട് തീരുമാനിച്ചത്. ശിലാഫലകം ഉൾപ്പടെ ഇവിടെനിന്ന് മാറ്റിയതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് അന്ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന് നിലപാട് മാറ്റി. ആദ്യം ശിലയിട്ട ഭാഗത്തുതന്നെ കെട്ടിടം നിർമ്മിക്കാൻ അന്തിമ തീരുമാനവുമെടുത്തു. ഇവിടെ മൂന്ന് നിലകളുള്ള 14,466 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ളോറിൽ റിസപ്ഷനും റസ്റ്റ് റൂം, കാഷ് കൗണ്ടർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഓഫീസ്, ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി ഓഫീസ്, ശുചിമുറികൾ എന്നിവയാണുണ്ടാവുക. ഒന്നാം നിലയിൽ എസ്.പിയുടെ ക്യാബിൻ, ഓഫീസ് ലോഞ്ച്, വിശ്രമ മുറികൾ, ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പിയുടെ ഓഫീസ്, ഭരണ വിഭാഗം ഡിവൈ.എസ്.പി ഓഫീസ്, നാർകോട്ടിക് സെൽ, സൈബർ സെൽ, വനിതാസെൽ, ശുചിമുറികൾ എന്നിവയുണ്ടാകും. രണ്ടാംനിലയിൽ ടെലി കമ്മ്യൂണിക്കേഷൻ വിഭാഗം, അക്കൗണ്ട്സ് മാനേജർ ഓഫീസ്, മിനിസ്റ്റീരിയൽ വിഭാഗം, കോൺഫറൻസ് ഹാൾ, റിക്കോർഡ്സ് റൂം, ശുചിമുറികൾ എന്നിവയാണ്. .58 കോടി രൂപയാണ് അടങ്കൽ കണക്കാക്കിയിട്ടുള്ളത്. കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല. പതിനെട്ട് മാസംകൊണ്ട് നിർമ്മാണം പൂർത്തീകരിക്കുമെന്നാണ് കാലാവധി നിശ്ചയിച്ചിട്ടുള്ളത്. ടൗണിൽ നിന്ന് രണ്ട് കിലോ മീറ്ററിലധികം ദൂരത്തിലാണ് എസ്.പി ഓഫീസിന് ആസ്ഥാന മന്ദിരം നിർമ്മിക്കുന്നത്. വേണ്ടുവോളം സ്ഥലസൗകര്യമുള്ളതിനാൽ എ.ആർ ക്യാമ്പുൾപ്പടെ ഇവിടെ സജ്ജമാക്കും. നിലവിൽ പൊതുമരാമത്ത് വകയായുള്ള റസ്റ്റ് ഹൗസിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് എസ്.പി ഓഫീസ് പ്രവർത്തിക്കുന്നത്.
-------

റൂറൽ ജില്ലാ പൊലീസിന് സ്വന്തം ആസ്ഥാനമെന്നത് യാഥാർത്ഥ്യമാവുകയാണ്. അടിസ്ഥാന നിർമ്മാണം പൂർത്തിയാവുകയാണ്. ബാക്കി പണികൾ വേഗത്തിൽ പൂർത്തിയാക്കും. 19 പൊലീസ് സ്റ്റേഷനുകളാണ് എസ്.പി ഓഫീസിന് കീഴിലുള്ളത്.

ബി.അശോകൻ, റൂറൽ എസ്.പി